ജോധ്പൂര്‍: കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 10,000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കപ്പെട്ട ബോളിവുഡ് താരത്തിന് ജയിലില്‍ കൂട്ട് ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ആശാറാം ബാപ്പുവും കൊലപാതക കുറ്റം ആരോപിക്കപ്പെടുന്ന ശംഭുലാല്‍ റേഗറും. ഭന്‍വാരി ദേവി കൊലക്കേസില്‍ കുറ്റാരോപിതയായ മല്‍ഖന്‍ സിങ് വിഷ്ണോയിയാണ് അതേ ജയിലിലുള്ള മറ്റൊരു കുപ്രസിദ്ധ കുറ്റവാളി.

ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മറ്റ് കുപ്രസിദ്ധ കുറ്റവാളികള്‍ ആരൊക്കെയെന്ന് പരിശോധിക്കാം:

ആശാറാം ബാപ്പു

ആശാറാം ബാപ്പു

2013 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുതല്‍ ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആള്‍ദൈവത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം പതിനാറ് വയസുകാരിയായ സ്കൂള്‍ കുട്ടിയെ പീഡിപ്പിച്ചു എന്നതാണ്. ആത്മീയ ഗുരുവായി പേരെടുത്ത ആശാറാം അഞ്ച് വര്‍ഷമായി ഇവിടെ റിമാന്‍ഡില്‍ കഴിയുകയാണ്. 2013 സെപ്റ്റംബര്‍ 1ന് കോടതിയില്‍ ഹാജരാക്കിയ ആശാറാമിന്റെ കേസ് ഇപ്പോഴും നടന്നുവരികയാണ്.

ശംഭുലാല്‍ റേഗര്‍

ശംഭുലാല്‍

രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ കുറ്റാരോപിതനാണ് ശംഭുലാല്‍. മുസ്‌ലിം മത വിശ്വാസിയായ അഫ്രാസുൽ എന്ന തൊഴിലാളിയെ കൊലപ്പെടുത്തുകയും തീയിടുകയും അത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തയാളാണ് ശംഭുലാല്‍. രാജസ്ഥാനിലെ രാജ്‌സമന്ദ്‌ ജില്ലയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നുമുള്ള തൊഴിലാളിയായ അഫ്രാസുലിനെ കൊന്നതിന് കാരണം ‘ലൗ ജിഹാദ്’ ആണ് എന്നായിരുന്നു ശംഭുലാല്‍ തന്നെ പുറത്തുവിട്ട വീഡിയോയിലൂടെയുള്ള വിശദീകരണം. തൊഴില്‍ വാഗ്‌ദാനം ചെയ്തുകൊണ്ടാണ് ഇയാള്‍ അഫ്രാസുലിനെ വിളിച്ചുവരുത്തിയതും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുന്നതും. കഴിഞ്ഞ രാമനവമി ദിനത്തില്‍ ശംഭുലാലിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ രാജസ്ഥാനില്‍ റാലികളും സംഘടിപ്പിക്കുകയുണ്ടായി.

മല്‍ഖന്‍ സിങ് വിഷ്ണോയി

മല്‍ഖന്‍ സിങ് വിഷ്ണോയി

ഭന്‍വാരി ദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടയാളാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന മല്‍ഖന്‍ സിങ് വിഷ്ണോയി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു മല്‍ഖന്‍ സിങ്. 2011ലാണ് മുപ്പത്തിയാറുകാരിയായ ഭന്‍വാരി ദേവി എന്ന നഴ്സിനെ കാണാതാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook