ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ 19 വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍ ഖാനെതിരെ കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ച് വര്‍ഷത്തെ തടവാണ് കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ വിചാരണ കോടതി വിധിച്ചത്. 1998 ഒക്ടോബര്‍ 1നും 2നുമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.

സെയ്ഫ് അലിഖാന്‍, നീലം, സൊനാലി ബിന്ദ്രെ, തബു എന്നിവര്‍ക്കൊപ്പമാണ് സല്‍മാന്‍ വേട്ടയ്ക്ക് പോയതെന്നാണ് ആരോപണം. ജോധ്പൂരിലെ കണ്‍കാനി ഗ്രാമത്തിലാണ് താരങ്ങള്‍ വേട്ടയ്ക്ക് പോയത്. ഇവര്‍ വേട്ടയാടുന്നത് കണ്ട പ്രദേശത്തെ ബിഷ്ണോയി സമുദായക്കാരാണ് അക്രമത്തിനെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ സല്‍മാനും മറ്റ് താരങ്ങള്‍ക്കുമെതിരെ കൃഷ്ണമാനിനെ വേട്ടയാടിയതിന് പരാതിയും നല്‍കുകയും ചെയ്തു. തുടര്‍ന്ന് വനംവന്യജീവി (സംരക്ഷണം) സെക്ഷന്‍ 51 നിയമപ്രകാരം താരങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സല്‍മാനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട് മൂന്ന് ചിങ്കാരമാനുകളെ വെടിവച്ചു കൊന്നതിനാണിത്. സെപ്റ്റംബര്‍ 26നും 28നും ആയിരുന്നു സംഭവം. ഈ കേസില്‍ 2006 ഏപ്രില്‍ മാസവും 2007 ഓഗസ്റ്റ് മാസവും അദ്ദേഹം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു ദൃക്‌സാക്ഷി കോടതിയില്‍ പറഞ്ഞ പ്രകാരം ഒക്ടോബര്‍ 1ന് രാത്രിയിലെ വേട്ടയില്‍ നടി തബുവാണ് സല്‍മാനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃഷ്ണമാന്‍ അടുത്തെത്തിയപ്പോള്‍ കാഞ്ചി വലിക്കാന്‍ തബു ആവശ്യപ്പെട്ടിരുന്നതായി ദൃക്‌സാക്ഷി മൊഴി നല്‍കി. എന്നാല്‍ തബു അടക്കമുളള മറ്റ് താരങ്ങളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. സെയ്ഫ് അലിഖാന്‍, തബു, സൊനാലി, നീലം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ സൽമാന് 5 വർഷത്തെ തടവാണ് വിധിച്ചത്.

സൽമാൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ജോധ്പൂരിലെ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്നു രാത്രിയും സൽമാൻ ജയിലിൽ കഴിയേണ്ടി വരും.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സൽമാൻ ഖാൻ കോടതിയിൽ ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് സൽമാനെ കോടതിയിൽ കൊണ്ടുവരാതിരുന്നത്. സൽമാന്റെ സഹോദരിമാരായ അർപ്പിതയും അൽവിറയും കോടതിയിൽ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook