ജോധ്പൂർ: ബോളിവുഡിന്റെ സൂപ്പർ താരം സൽമാൻ ഖാൻ ഇന്നലെ രാത്രി ചെലവഴിച്ചത് സെൻട്രൽ ജയിലിൽ ആയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാനെ ജോധ്പൂരിലെ വിചാരണ കോടതി 5 വർഷം തടവിന് ശിക്ഷ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടനെ ജയിലിലേക്ക് മാറ്റിയത്. സൽമാൻ ഖാന്റെ ജാമ്യാപേക്ഷ ഇന്നു ജോധ്പൂർ സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്.

ജയിലിൽ 106-ാം തടവുകാരനായിരുന്നു സൽമാൻ. രാത്രിയിൽ ദാലും റൊട്ടിയുമാണ് സൽമാൻ ഖാന് കഴിക്കാൻ നൽകിയത്. പക്ഷേ താരം ഇത് കഴിച്ചില്ലെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് സൽമാൻ ഖാൻ ഭക്ഷണം ഓർഡർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സൽമാൻ ഖാന് പ്രത്യേക സൗകര്യങ്ങളൊന്നും ജയിലിൽ നൽകിയിട്ടില്ലെന്നാണ് ജയിൽ സൂപ്രണ്ട് വിക്രം സിങ് വ്യക്തമാക്കിയത്.

ചെറിയ മരക്കട്ടിൽ, പുതപ്പ്, കൂളർ എന്നിവയാണ് സൽമാന്റെ സെല്ലിൽ ഉണ്ടായിരുന്നത്. തടവു പുളളികൾക്ക് നൽകുന്ന അതേ ഭക്ഷണമാണ് അദ്ദേഹത്തിന് നൽകിയതെന്ന് വിക്രം സിങ് പറഞ്ഞു. സൽമാന് രക്തസമ്മർദത്തിന്റെ പ്രശ്നമുണ്ട്. ജയിൽ എത്തിയ ഉടൻ അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മർദം നോർമലായിരുന്നു. സൽമാൻ ഖാന് രാത്രിയിൽ ധരിക്കാൻ അദ്ദേഹത്തിന്റെ ബോഡിഗാർഡ്സ് വസ്ത്രങ്ങൾ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് നമ്പർ 2 വിലാണ് സൽമാൻ ഖാനുളളത്. തൊട്ടടുത്ത സെല്ലിൽ ആൾദൈവം ആസാറാം ബാപ്പുവാണ്. ആശ്രമത്തിൽവച്ച് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 2013 മുതൽ ജയിലിലാണ് ആസാറാം ബാപ്പു.

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാന് 5 വർഷത്തെ തടവ് ശിക്ഷയാണ് ജോധ്പൂരിലെ വിചാരണ കോടതി വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചു. കേസിലെ കൂട്ടു പ്രതികളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്ര, നീലെ അടക്കമുളള 6 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. 20 വർഷത്തിനുശേഷമാണ് കേസിൽ വിധി പറഞ്ഞത്.

1998 ഒക്ടോബർ രണ്ടിനാണ് മൂന്നാമത്തെ കേസിനാസ്‌പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. സംഭവ സമയത്ത് മറ്റു താരങ്ങളും സൽമാനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ