മുംബൈ: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടൻ സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. 50000 രൂപയുടെ ബോണ്ടിന് മേലാണ് ജാമ്യം അനുവദിച്ചത്. ജോധ്പൂർ സെഷൻസ് കോടതിയാണ് സൽമാൻ ഖാന്റെ വാദം കേട്ട ശേഷം അനുകൂല വിധി പുറപ്പെടുവിച്ചത്.

രണ്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സൽമാൻ ഖാന് ജാമ്യം ലഭിക്കുന്നത്. 20 വർഷത്തെ വാദത്തിന് ശേഷമാണ് ജോധ്‌പൂരിലെ സെഷൻസ് കോടതി സൽമാൻ ഖാന് ശിക്ഷ വിധിച്ചത്. കേസിൽ കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ അടക്കമുളളവരെ കോടതി വെറുതെ വിട്ടിരുന്നു.

കൂട്ടു പ്രതികളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്ര, നീലെ അടക്കമുളള 6 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി വെറുതെ വിട്ടു.

ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1998 ഒക്ടോബർ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. സംഭവ സമയത്ത് മറ്റു താരങ്ങളും സൽമാനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ