ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എയെ കാണാന്‍ ഉന്നാവോ എംപിയും ബിജെപി നേതാവുമായ സാക്ഷി മഹാരാജ് എത്തി. ഉന്നാവോ പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിനെ ജയിലിലെത്തിയാണ് സാക്ഷി മഹാരാജ് സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം നന്ദി പറയാനാണ് താന്‍ എംഎല്‍എയെ കാണാന്‍ എത്തിയതെന്ന് സാക്ഷി മഹാരാജ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കുറ്റാരോപിതനായ എംഎല്‍എയുടെ വീട്ടിലും സാക്ഷി മഹാരാജ് സന്ദര്‍ശനം നടത്തിയിരുന്നു.

ഉന്നാവോയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് യാദവിനെ ഏപ്രില്‍ 13 നാണ് സിബിഐ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് അടക്കം ചുമത്തിയായിരുന്നു എംഎല്‍എയെ അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ സഹോദരന്‍ ജയ്ദീപ് സിങും കേസില്‍ കുറ്റക്കാരനാണ്. ഇയാളെയും അറസ്റ്റ് ചെയ്തിരുന്നു.

Read More: പീഡനത്തിനിരയായ യുവതിയുടെ പിതാവ് മരിക്കുന്നതിന് മുമ്പുളള വീഡിയോ പുറത്ത്

ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ രാഹുഷ ഗാന്ധി അടക്കം എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പിന്നാലെയായിരുന്നു ഏപ്രിൽ 13 ന് എംഎൽഎയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്.

ഉന്നാവോ എംഎല്‍എ ആയ കുല്‍ദീപ് സിങ് തന്നെ പീഡിപ്പിച്ചെന്നാണ് 16-കാരിയായ പെൺകുട്ടിയുടെ ആരോപണം. കഴിഞ്ഞ വർഷം ജൂണിലാണ് പീഡനം സംബന്ധിച്ച് ആദ്യം പരാതി നൽകിയത്. ഇതിൽ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ക്രൂരമായി മർദിച്ചു. കസ്റ്റഡിയിൽ ചികിൽസയിലിരിക്കെ പിതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. പ്രതിയായ എംഎൽഎയുടെ നിർദേശം അനുസരിച്ചാണു നിയമപാലനവും നിയമപാലകർ പ്രവർത്തിക്കുന്നതുമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ വിമർശിച്ചിരുന്നു.

തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പീഡനത്തിനിരയായ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് പീഡന വാർത്ത രാജ്യശ്രദ്ധ നേടിയതും ബിജെപി എംഎൽഎക്കെതിരെ പ്രതിഷേധം കനത്തതും. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​ന്റെ ഭവനത്തിന് മുന്നില്‍ കൂട്ട ആത്മഹത്യക്കാണ് ശ്രമിച്ചത്. തുടർന്ന്​ കസ്​റ്റഡിയിലെടുത്ത പിതാവ്​ പൊലീസ്​ മർദനത്തെ തുടർന്ന്​ മരിക്കുകയായിരുന്നു.

Read More: ‘ഇത്തവണയും മോദി ജയിച്ചാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ല’; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ഉന്നാവോ എംപിയായ സാക്ഷി മഹാരാജ് തിരഞ്ഞെടുപ്പ് വേളയിൽ ഏറെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. മോദി വീണ്ടും ജയിച്ചാൽ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ല എന്ന് സാക്ഷി മഹാരാജ് തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് സീറ്റ് അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സാക്ഷി മാഹാരാജ് നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook