ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ച മുൻ എംപിയും കോൺഗ്രസ് നേതാവുമായ സജ്ജൻ കുമാർ കോൺഗ്രസിൽ നിന്നും രാജിവച്ചു. കോടതി വിധി വന്നതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗ്വത്തത്തിൽ നിന്നും രാജിവയ്ക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്.

“എനിക്കെതിരായ ഡൽഹി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഞാൻ എത്രയും പെട്ടന്ന് കോൺഗ്രസിന്റെ പ്രാഥമികാംഗ്വത്തത്തിൽ നിന്നും രാജിവയ്ക്കുന്നു” എന്നാണ് സജ്ജൻ കുമാർ കത്തിൽ എഴുതിയതെന്നാണ് പിടിഐയുടെ റിപ്പോർട്ട്.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബർ ഒന്നിന് രാജ് നഗറിലെ അഞ്ചംഗ കുടുംബത്തെ കൊലപ്പടുത്തിയ കേസിലാണ് സജ്ജൻ കുമാറിനെ ശിക്ഷിച്ചത്. ആസൂത്രിതമായിരുന്നു സിഖ് വിരുദ്ധ കലാപമെന്ന സിബിഐ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

കലാപം അന്വേഷിച്ച ജസ്റ്റിസ് ജി.ടി.നാനവതി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സജ്ജൻ കുമാറിനും മറ്റുളളവർക്കുമെതിരെ കേസെടുത്തത്. എന്നാൽ 2013 മേയിൽ ഡൽഹി സെഷൻസ് കോടതി തെളിവുകളുടെ അഭാവത്താൽ സജ്ജൻ കുമാറിനെ വെറുതെ വിട്ടു. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു ശിക്ഷ.

1984 ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ഇന്ദിരയുടെ മരണത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. കലാപത്തിൽ ഡൽഹിയിൽ മാത്രം 2100 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ