ട്രിപ്പോളി: മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ ലിബിയ മാപ്പുനൽകി വിട്ടയച്ചു. വീണ്ടും ലിബിയയിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് ഈ തീരുമാനം വഴിവച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ആറ് വർഷമായി സിൻടാൻ നഗരത്തിൽ പൗരസേന തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മുഅമ്മർ ഗദ്ദാഫി തനിക്ക് ശേഷം ഭരണം ഏൽപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത് സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

അതേസമയം വെള്ളിയാഴ്ച സ്വതന്ത്രനാക്കപ്പെട്ടെങ്കിലും ഇദ്ദേഹം ഇതുവരെയും പൊതുജനത്തെ അഭിസംബോധന ചെയ്തിട്ടില്ല. കിഴക്കൻ ലിബിയയിലെ തൊബ്രൂക് എന്ന സ്ഥലത്താണ് സൈഫ് അൽ ഇസ്ലാം ഗദ്ദാഫി ഉള്ളതെന്നാണ് വിവരം.

ലിബിയയിലെ താത്കാലിക ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയ്ക്ക് പൊതുമാപ്പ് ലഭിച്ചിരിക്കുന്നത്. അബു-ബക്കർ അൽ സിദ്ധിഖി ബറ്റാലിയനാണ് സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ മാപ്പ് നൽകി വിട്ടയച്ച വിവരം പുറത്തുവിട്ടത്. താത്കാലിക ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ഇവർ ബിബിസിയോട് വിശദീകരിച്ചു.

അതേസമയം ട്രിപ്പോളിയിൽ തീവ്ര ഗദ്ദാഫി വിരുദ്ധരാണ് ഭരണത്തിലുള്ളത്. സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ വധശിക്ഷയ്ക്ക് വിധേയനാക്കാനാണ് ഇവർ ഉത്തരവിട്ടിരുന്നത്. കലാപകാലത്തെ നരഹത്യകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയ്ക്കെതിരെ കേസുണ്ട്.

മുഅമ്മർ ഗദ്ദാഫിയുടെ ഭരണം അവസാനിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം 2011 നവംബറിൽ നൈജീരിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരുഭൂമിയിൽ വച്ചാണ് സൈഫ് അൽ ഇസ്ലാം ഗദ്ദാഫി പിടിയിലാകുന്നത്. ഗദ്ദാഫിയുടെ അനുയായി എന്ന നിലയിൽ പൊതുമധ്യത്തിൽ തിളങ്ങിനിന്നിരുന്ന സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയ്ക്ക് ലിബിയയിൽ അനുയായികളും ഏറെയുണ്ട്. ഭാവിയിൽ പൊതുരംഗത്തേക്ക് ഇദ്ദേഹം തിരികെ വരുമെന്നാണ് കരുതപ്പെടുന്നത്.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയയാളാണ് സൈഫ് അൽ ഇസ്ലാം ഗദ്ദാഫി. 44 വയസുള്ള ഇദ്ദേഹം പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള ലിബിയയുടെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.

സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയടക്കം 30 പേരെ നാല് വർഷം മുൻപാണ് ട്രിപ്പോളി ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചത്. ലിബിയയിലെ നിലവിലെ ഭരണകൂടങ്ങൾ പരസ്പരം മത്സരിക്കുന്നതിനിടെയാണ് സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook