ന്യൂഡല്‍ഹി: സഹരന്‍പൂര്‍ ജാതി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന എസ്പിയേയും ജില്ലാ മജിസ്ട്രേറ്റിനേയും യോഗി ആദിത്യനാഥ് മന്ത്രിസഭ പുറത്താക്കി. എസ്എസ്പി ആയ സുഭാഷ് ചന്ദ്ര ഡൂബെ, മജിസ്ട്രേറ്റ് എന്‍പി സിംഗ് എന്നിവരെയാണ് ചൊവ്വാഴ്ച്ച ഷഹാന്‍പൂരില്‍ വീണ്ടും അക്രമം ഉണ്ടായതിനെ തുടര്‍ന്ന് പുറത്താക്കിയത്. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ടിട്ടും നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിലാണ് നടപടി.

ദലിതരും രാജ്പൂത് സമൂഹക്കാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 24 പേരെ അറസ്റ്റ് ചെയ്തതായി ഇന്ന് എസ്എസ്പി അറിയിച്ചിരുന്നു. ബിഎസ്പി നേതാവ് മായാവതി സഹരണ്‍പൂരില്‍ സന്ദര്‍ശനം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം. ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മായാവതിയുടെ റാലി നടക്കുന്നതിന് മുന്പ് രജപുത്ത് വിഭാഗക്കാരുടെ വീടിനു നേരെ ദളിതർ കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഒരു പ്രകടനത്തിൽ പങ്കെടുത്ത ശേഷം ട്രക്കിൽ മടങ്ങുകയായിരുന്ന ദളിതർക്കു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. താക്കൂർ വിഭാഗത്തിൽപെട്ടവരാണ് ആക്രമണം നടത്തിയത്.

സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. . മായാവതിയുടെ സന്ദർശനമാണ് സംഘർഷത്തിന് കാരണമെന്ന് യു.പി സർക്കാർ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ