സഹാറ മേധാവി സുബ്രതാ റോയിക്ക് സുപ്രീംകോടതിയുടെ താക്കീത്. ഒന്നുകില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, ഇല്ലെങ്കില്‍ തിഹാര്‍ ജയിലില്‍ പോവുക എന്നാണ് സുബ്രതാ റോയിയോട് സുപ്രീംകോടതി പറഞ്ഞത്. നിക്ഷേപകരെ വഞ്ചിച്ച കേസില്‍ ആയിരുന്നു സുബ്രതാ റോയിയെ അറസ്റ്റ് ചെയ്തത്.

നിലവില്‍, 500 കോടി, 1500 കോടി. 3,000 കോടി തുടങ്ങിയ തുകയ്ക്കുളള മൂന്ന് ചെക്കുകളാണ്  സഹാറ ഗ്രൂപ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുളളത്.   ജൂണ്‍ പത്തൊമ്പതിനുള്ളില്‍  ഈ​ ചെക്കുകൾ മാറിയില്ലെങ്കിൽ സുബ്രതാ റോയിയെ  തിഹാര്‍ ജയിലിലേക്ക് അയക്കുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് ദീപക് മിശ്രയുടെ അംഗമായുള്ള മൂന്നംഗ ബെഞ്ചാണ് സഹാറ കേസ് പരിഗണിക്കുന്നത്. സംഭവത്തില്‍ തനിക്ക് ഏറെ ഉത്‌കണ്‌ഠയുണ്ടെന്നും കോടതി ഉത്തരവിട്ടുന്നത് വരെ താന്‍  ഹാജരായികൊണ്ടിരിക്കും എന്നും സുബ്രതാറോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജൂണ്‍ 19നു ഉള്ളില്‍ പണം നല്കിയിരിക്കണം എന്നു പറഞ്ഞ കോടതി. സുബ്രതാ റോയിയെ കുറ്റവിമുക്തനാക്കുക എന്ന പ്രശ്നം ഉദിക്കുന്നേയില്ല എന്നും നിരീക്ഷിച്ചു. കോടതിക്ക് ആമ്പി വാലിയുടെ ആസ്തിയുടെ മൂല്യം വിലയിരുത്തിയ രേഖകള്‍ സീല്‍ വച്ച കവറില്‍ ലഭിച്ചിട്ടുണ്ട് എന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. പണം തിരിച്ചടക്കാന്‍ തയ്യാറാണോ അല്ലയോ എന്നു കോടതി ആരാഞ്ഞപ്പോള്‍ റോയി എഴുന്നേറ്റ് നിന്ന് സമ്മതം അറിയിച്ചു.

സുബ്രതാ റോയിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍, ആമ്പി വാലി പദ്ധതി ഏകദേശം 49,000 കോടി രൂപ വിലമതിക്കുമെന്നു കോടതിയോട് പറഞ്ഞു. നിലവില്‍ പരോളില്‍ കഴിയുകയാണ് സുബ്രതാ റോയി.

ഏപ്രില്‍ 17നാണ് സുബ്രതാ റോയി നിക്ഷേപകരുടെ പണം തിരിച്ചടക്കാത്ത പക്ഷം സഹാറയുടെ ആമ്പി വാലി ലേലത്തിനു വിറ്റ് കൊണ്ട് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കോടതി വിധിച്ചത്.

ഏപ്രില്‍ 21ന്, സുബ്രതാ റോയി കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പ്രത്യേക കോടതി അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് റദ്ദാക്കിയിരുന്നു. പ്രസ്തുത കേസില്‍ കോടതികൂടുമ്പോഴോക്കെ ഹാജരാവും എന്ന ഉറപ്പിന്‍റെ മേല്‍ കൂടിയാണ് അദ്ദേഹത്തിനെതിരെയുള്ള ജാമ്യമില്ലാ വാറണ്ട് റദ്ദാക്കിയത്. മേയ് 18നാണ് അടുത്ത വാദം.

സെബിയില്‍ 5000 കോടി രൂപ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് സഹാറ ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ