scorecardresearch
Latest News

മേഘാലയയില്‍ ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാങ്മ

നിലവിലുള്ള സര്‍ക്കാരിന്റെ ഭാഗമായ യുഡിപി 11 സീറ്റില്‍ ജയിച്ചിട്ടുണ്ട്. ടിഎംസിക്കും കോണ്‍ഗ്രസിനും അഞ്ചും പുതുതായി രൂപീകരിച്ച വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടിക്ക് നാലും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ടും സീറ്റുകള്‍ നേടി

മേഘാലയയില്‍ ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാങ്മ

ഗുവാഹട്ടി: കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) മേഘാലയയില്‍ ബിജെപിയുടെയും മറ്റ് ഏതാനും നിയമസഭാംഗങ്ങളുടെയും പിന്തുണയോടെ അടുത്ത സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ കോണ്‍റാഡ് 32 പേരുടെ പിന്തുണ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പട്ടികപ്പെടുത്തിയിരുന്നു.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തങ്ങളുടെ രണ്ട് എംഎല്‍എമാരെ അധികാരപ്പെടുത്തിയിട്ടില്ലെന്ന് വെള്ളിയാഴ്ച വൈകുന്നേരം എച്ച്എസ്പിഡിപി പ്രസ്താവന ഇറക്കിയിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല, അതിനാല്‍, നിങ്ങളുടെ പാര്‍ട്ടിക്കുള്ള ഞങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നു. കോണ്‍റാഡിന് അയച്ച കത്തില്‍ എച്ച്എസ്പിഡിപി പ്രസിഡന്റ് കെ പി പാങ്നിയാങ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 10 മണി വരെ കോണ്‍റാഡ് അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, എച്ച്എസ്പിഡിപി എംഎല്‍എമാര്‍ ഇപ്പോഴും എന്‍പിപിക്കൊപ്പമാണ്എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ രണ്ട് എച്ച്എസ്പിഡിപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ പോലും എന്‍പിപിക്ക് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് തോന്നുന്നു. ഫെബ്രുവരി 27 ന് അമ്പത്തിയൊന്‍പത് അസംബ്ലി സീറ്റുകളില്‍ വോട്ടെടുപ്പ് നടന്നിരുന്നു, ഒരു സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് 60 മത്തെ സീറ്റായ സോഹിയോങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍റാഡിന്റെ എന്‍പിപി 26 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഫലം വന്ന് മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് എംഎല്‍എമാരുമായി ബിജെപി എന്‍പിപിക്ക് പിന്തുണ നല്‍കി.

വെള്ളിയാഴ്ച രാവിലെ കോണ്‍റാഡ് രാജി സമര്‍പ്പിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. തനിക്ക് മതിയായ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും എന്‍പിപി മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഗാരോ ഹില്‍സിലെ ബാഗ്മാര മണ്ഡലത്തില്‍ നിന്ന് വിജയിച്ച മറ്റൊരു സ്വതന്ത്ര എംഎല്‍എ കര്‍തുഷ് ആര്‍ മാരക് എന്‍പിപിക്കൊപ്പം ചേര്‍ന്നു. എന്‍പിപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായിരിക്കെ, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി (യുഡിപി) ചര്‍ച്ച നടത്തുകയാണെന്ന് തൃണമൂല്‍ നേതാവ് മുകുള്‍ സാംഗ്മ അവകാശപ്പെട്ടു.

നിലവിലുള്ള സര്‍ക്കാരിന്റെ ഭാഗമായ യുഡിപി 11 സീറ്റില്‍ ജയിച്ചിട്ടുണ്ട്. ടിഎംസിക്കും കോണ്‍ഗ്രസിനും അഞ്ചും പുതുതായി രൂപീകരിച്ച വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടിക്ക് നാലും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ടും സീറ്റുകള്‍ നേടി. എച്ച്എസ്പിഡിപി ഉള്‍പ്പെടെയുള്ള ഈ പാര്‍ട്ടികള്‍ വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞ സംസ്ഥാന ആഭ്യന്തര മന്ത്രിയും യുഡിപി നിയമസഭാംഗവുമായ ലക്മെന്‍ റിംബുയിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. എന്‍പിപി ഇതര സര്‍ക്കാരിന് പിന്തുണയുണ്ടെന്ന് എന്ന് മുകുള്‍ ഷില്ലോങ്ങില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിന് തൊട്ടുപിന്നാലെ കോണ്‍റാഡ് 32 എം.എല്‍.എമാരുടെ ഒപ്പോടുകൂടിയ പിന്തുണാ കത്ത് ഗവര്‍ണര്‍ ഫാഗു ചൗഹാന് സമര്‍പ്പിക്കുകയും എച്ച്.എസ്.പി.ഡി.പി.യുടെയും മറ്റൊരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sagmas lock horns over meghalaya govt formation conrad stakes claim even as mukul promises more drama