മുംബൈ: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മുംബൈയിൽ ലോക്കൽ ട്രെയിനുകളുടെ ലേഡീസ് കോച്ചുകൾക്ക് കാവി നിറം നൽകാൻ മധ്യ റെയിൽവേ ശുപാർശ ചെയ്തു. “മറ്റു കംപാർട്മെന്റുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം ലേഡീസ് കോച്ചുകളുടെ നിറം. ആർപിഎഫ് കാവി നിറമാണ് ശുപാർശ ചെയ്യുന്നത് “.- ആർപിഎഫിന്റെ അഡിഷണൽ ചീഫ് സെക്യൂരിറ്റി കമ്മീഷ്ണർ പ്രണവ് കുമാർ റെയിൽവേ ബോർഡിന് നൽകിയ ശുപാർശയിൽ പറഞ്ഞു.

ട്രെയിനുകളിലെ സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മധ്യ റെയിൽവേ സമർപ്പിച്ച ആറു ശുപാർശകളിൽ ഒന്നാണിത്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകമായ കാവി നിറം വനിതകൾക്ക് അക്രമികളെ നേരിടുന്നതിന് പ്രചോദനം നൽകും. മാത്രമല്ല ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമാണ് പുരുഷന്മാർക്ക് കാവി നിറം. ഈ നിറം കംപാർട്മെന്റുകളിൽ കാണുമ്പോൾ പുരുഷന്മാർക്കു അക്രമത്തിൽനിന്ന് പിന്തിരിയാനുള്ള വാസനയുണ്ടാകും “. ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് നടപടികൾ നിർദേശിക്കാൻ റെയിവേ ബോർഡ് ബുധനാഴ്ച ഓരോ മേഖലയോടും ആവശ്യപ്പെട്ടിരുന്നു. മറുപടി നൽകാൻ ഒരു ദിവസത്തെ സാവകാശവും അനുവദിച്ചിരുന്നു. അടുത്ത വർഷം റെയിൽവേ എന്തൊക്കെ പദ്ധതികളായിരിക്കണം നടപ്പാക്കേണ്ടത് എന്ന് നിർദ്ദേശിക്കാനും ബോർഡ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മുംബൈയിലെ സബർബൻ ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെ നിരവധി ആക്രമണങ്ങളുണ്ടായ സാഹചര്യതിൽ കൂടിയായിരുന്നു ബോർഡിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടി. പലപ്പോഴും പുരുഷ യാത്രക്കാർ സ്ത്രീകളുടെ കോച്ചിൽ തെറ്റി കയറുന്ന പതിവുണ്ട്. മറ്റൊരു നിറം നൽകുമ്പോൾ ഈ അവസ്ഥ ഒഴിവാക്കാനാകുമെന്നും പ്രണവ് കുമാർ ചൂണ്ടിക്കാട്ടുന്നു. 2018 സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷാ വർഷമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ.

മുംബൈയിലെ ലോക്കൽ ട്രെയിനുകളിലുള്ള 12 കോച്ചുകൾക്കും ഒരേ നിറമാണ്. ഒരു കോച്ച് എൻജിൻ ഡ്രൈവറുടെ ബോഗിക്ക്‌ തൊട്ടു പിന്നിലും മറ്റൊന്ന് മധ്യത്തിലും മൂന്നാമത്തേത് പുറകിലുമാണ്. സാധാരണയായി പുരുഷ യാത്രികരെ സ്ത്രീകളുടെ കോച്ചിൽ കയറാൻ അനുവദിക്കാറില്ലെങ്കിലും രാത്രി 11 മുതൽ രാവിലെ 5 വരെയുള്ള സമയത്തു സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്യാൻ പുരുഷന്മാരെ അനുവദിക്കാറുണ്ട്. ഈ വർഷം സ്ത്രീകളുടെ കോച്ചിൽ കടന്നു കയറിയതിനെതിരെ 2411 കേസുകൾ റെയിൽവേ പൊലീസ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒക്ടോബറിൽ സ്ത്രീകളുടെ കോച്ചിൽ തനിയെ യാത്ര ചെയ്തിരുന്ന 13 കാരി ഒരു പുരുഷൻ കടന്നു കയറിയതിനെ തുടർന്ന് കോച്ചിൽ നിന്നും ട്രാക്കിലേക്ക് എടുത്തു ചാടിയിരുന്നു. ഡിസംബറിൽ നടന്ന മറ്റൊരു സംഭവത്തിൽ മോഷ്ടാവ് മോഷണം നടത്തിയ ശേഷം യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവവുമുണ്ടായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ