ഭോപ്പാല്‍: പ്രതിഷേധം കനത്തപ്പോള്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഹേമന്ത് കര്‍ക്കറെയ്ക്കെതിരായ പ്രഗ്യയുടെ അധിക്ഷേപകരമായ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രഗ്യയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പറഞ്ഞ് ബിജെപിയും രംഗത്തെത്തി. ഇതോടെയാണ് പ്രഗ്യ മാപ്പ് പറഞ്ഞത്.
”രാജ്യത്തിന്റെ ശത്രുക്കളാണ് ഇതില്‍ നിന്നും ഗുണമുണ്ടാക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് ഞാനെന്റെ പ്രസ്താവന പിന്വലിക്കുകകയാണ്. മാപ്പ് ചോദിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു അത്” പ്രഗ്യാ സിങ് പറഞ്ഞു. ഭീകരവാദികളുടെ വെടിയുണ്ട കൊണ്ടാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം തീര്‍ച്ചയായും രക്തസാക്ഷിയാണെന്നും പ്രഗ്യ പറഞ്ഞു.
ഹേമന്ത് കര്‍ക്കറെ രക്തസാക്ഷിയാണെന്നും പ്രഗ്യ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. തന്റെ അനുഭവത്തില്‍ നിന്നും പ്രഗ്യയ്ക്ക് ഉണ്ടായ അഭിപ്രായമാകാം അവര്‍ പറഞ്ഞതെന്നും തങ്ങള്‍ക്ക് ഹേമന്ത് രാജ്യത്തിനായി ജീവന് നല്കിയ രക്തസാക്ഷിയാണെന്നും ബിജെപി പറഞ്ഞു.
രാജ്യത്തിനായി ജീവന് നല്കിയ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രഗ്യയ്ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തന്റെ ശാപം മൂലമാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്നായിരുന്നു പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന.
രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച എല്ലാ ധീര ജവാന്മാരേയും അപമാനിക്കുന്നതാണ് പ്രഗ്യയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് മാത്രമേ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയെ രാജ്യദ്രോഹിയെന്ന് വിളിക്കാനാവുകയുള്ളൂവെന്നും സുര്‍ജേവാല പറഞ്ഞു.
2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമെന്ന ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വന്‍ വിവാദമായി മാറിയിരിക്കുകയാണ്. മാലെഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് പ്രഗ്യാ സിങ്. കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.
”ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടു വരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു” പ്രഗ്യാ സിങ് പറഞ്ഞു.