ന്യൂഡൽഹി: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് സാധ്വി പ്രാചി. പുല്‍വാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പ്രാചിയുടെ വിവാദ പ്രസ്താവന. ഗോധ്രയില്‍ ചെയ്തത് പാക്കിസ്ഥാനിലും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്ന സാധ്വി പ്രാചിയുടെ വീഡിയോയാണ് വിവാദമായിരിക്കുന്നത്. ഇതുവഴി ഗോധ്ര കലാപത്തിന് പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് പരോക്ഷമായി പറയുകയാണ് പ്രാചിയെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

”കൈ കൂപ്പിക്കൊണ്ട് ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മിസ്റ്റര്‍ പ്രധാനമന്ത്രി, ഗോധ്രയില്‍ നടത്തിയതു പോലൊരു കലാപം പാക്കിസ്ഥാനിലും സൃഷ്ടിക്കൂ. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല.” മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സാധ്വിയുടെ വിവാദ പ്രസ്താവന.

ഉത്തര്‍പ്രദേശില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് സാധ്വി പ്രാചി. സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സാധ്വിയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

വരുന്ന തിരഞ്ഞെടുപ്പിന് മുമ്പ് മോദി സര്‍ക്കാര്‍ ഉത്തര-പശ്ചിമാതിർത്തിയില്‍ ചില നാടകങ്ങള്‍ നടത്തുമെന്നും, ഗോധ്ര കലാപത്തിനു പുറകില്‍ ആരാണ് എന്നും വ്യക്തമാക്കുകയാണ് ഇതുവഴി സാധ്വി പ്രാചി ചെയ്യുന്നത് എന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.

2002 ഫെബ്രുവരിയിലായിരുന്നു ഗോധ്ര ട്രെയിനിന് തീകൊളുത്തിയതിനെ തുടര്‍ന്ന് 60 ഹിന്ദു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ വലിയ രീതിയില്‍ മുസ്‌ലിം വിരുദ്ധത വളരുകയും കലാപമുണ്ടാകുകയും ചെയ്തു. ആ സമയത്ത് നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കലാപത്തില്‍ 1200ലധികം മുസ്‌ലിങ്ങളായിരുന്നു കൊല്ലപ്പെട്ടത്. ഗോധ്ര കലാപമായിരുന്നു പിന്നീട് ഗുജറാത്ത് വംശഹത്യയിലേക്ക് നയിച്ചതെന്നതിനാല്‍, ഇതിനു പിന്നില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ