ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നൈസായി’ പുകഴ്ത്താമെന്ന് വിചാരിച്ചതാണ് ആത്മീയ ഗുരു സദ്‍ഗുരു ജഗ്ഗി വാസുദേവ്. എന്നാൽ അതിപ്പോൾ സദ്‍ഗുരുവിന് തലവേദനയായിരിക്കുകയാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ അനന്തരഫലം എന്ന രീതിയില്‍ സദ്‍ഗുരു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിപ്പോൾ ഗുരുവിന് ധാരാളം ട്രോൾ നേടിക്കൊടുക്കുന്നത്. ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലെ ആനയുടെ വീഡിയോയായിരുന്നു സദ്‍ഗുരു സ്വച്ഛ് ഭാരത് കൊണ്ട് വന്ന മാറ്റമായും അതിന് പ്രധാനമന്ത്രിയെ പുകഴ്ത്തിയും പോസ്റ്റ് ചെയ്തിരുന്നത്.

വളരെ വൃത്തിയുള്ള ആനയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പാത്രത്തില്‍ ചവര്‍ നിക്ഷേപിക്കുന്ന ആനയെ ചൂണ്ടിക്കാട്ടി മോദിയുടെ സ്വച്ഛ് ഭാരതിന്റെ ഗുണമാണിതെന്നായിരുന്നു സദ്‍ഗുരു വിശേഷിപ്പിച്ചത്. സ്വച്ഛ് ഭാരത് മൂലം മൃഗങ്ങള്‍ പോലും വൃത്തിയുള്ളവരായെന്ന് തരത്തിലായിരുന്നു സ‍ദ്‍ഗുരുവിന്റെ ട്വീറ്റ്. ഒപ്പം പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും.

എന്നാല്‍ ‘ഉടായിപ്പ്’ പിടിക്കപ്പെടാൻ അധികം സമയം വേണ്ടിവന്നില്ല. ഇന്ത്യയിലേതെന്ന രീതിയില്‍ ചിത്രീകരിച്ചിരുന്ന ഈ വീഡിയോ യഥാര്‍ഥത്തില്‍ ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കണ്ടുപിടിച്ചു. പുല്‍മൈതാനത്തെ ചവറുകള്‍ പെറുക്കി കുട്ടയില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം പരിശീലനം കിട്ടിയ ആനയെക്കുറിച്ചുള്ള ഡെയ്‍ലി മെയിലിന്റെ വാര്‍ത്ത സഹിതമാണ് ട്രോളന്‍മാര്‍ ഇപ്പോള്‍ സദ്‍ഗുരുവിനെ പരിഹസിക്കുന്നത്.

സംഭവം കയ്യോടെ പിടിക്കപ്പെട്ടതോടെ വീഡിയോ ചെറിയൊരു തമാശക്ക് പോസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണ് ഗുരു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ