മുംബൈ: ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ എക്സ് കാറ്റഗറി സുരക്ഷ പിൻവലിച്ചു. ശിവസേന എംഎൽഎ ആദിത്യ താക്കറെയുടെ സുരക്ഷ ഇസഡ് ആക്കി ഉയർത്തി. നേരത്തെ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ആദിത്യയ്ക്ക് ലഭിച്ചിരുന്നത്.

മഹാരാഷ്ട്ര സർക്കാർ അവലോകനം നടത്തിയ ശേഷമാണ് സുരക്ഷയിൽ മാറ്റങ്ങൾ വരുത്തിയതെന്ന് അധികൃതർ അറിയിച്ചു. സച്ചിൻ, ആദിത്യ താക്കറെ എന്നിവരെ കൂടാതെ പ്രമുഖരായ 90 പേരുടെ സുരക്ഷയെക്കുറിച്ചും യോഗത്തിൽ അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

Read Also: പാക് താരം മുഹമ്മദ് ഹഫീസിന് ബോളിങ്ങിൽനിന്ന് വിലക്ക്

എൻ‌സി‌പി പ്രസിഡന്റ് ശരദ് പവാറിന് ഇസഡ് പ്ലസ് സുരക്ഷ തുടരും. അദ്ദേഹത്തിന്റെ അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ നിലനിർത്തി. സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിൽനിന്നും വൈ പ്ലസ് ആക്കി.

ഉത്തർപ്രദേശ് മുൻ ഗവർണർ രാം നായിക്കിന്റെ സുരക്ഷ ഇസഡ് പ്ലസിൽനിന്ന് എക്സ് ആക്കി കുറച്ചു. ബിജെപി മുൻ മന്ത്രിമാരായ ഏക്നാഥ് ഖാഡ്സെയുടെയും റാം ഷിൻഡെയുടെയും സുരക്ഷ കുറച്ചിട്ടുണ്ട്.

പ്രമുഖ അഭിഭാഷകൻ ഉജ്‌വാൾ നികമിന്റെ സുരക്ഷ ഇസഡ് പ്ലസിൽനിന്ന് വൈ കാറ്റഗറിയാക്കി കുറച്ചു. 1993 ലെ മുംബൈ സ്ഫോടന കേസുൾപ്പെടെ നിരവധി സുപ്രധാന കേസുകളിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായിട്ടുണ്ട്. മുൻ ബിജെപി സർക്കാരിൽ മന്ത്രിമാരായിരുന്ന നിരവധിപേരുടെയും സുരക്ഷ കുറച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook