ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിൻ തെൻഡുൽക്കർ ഇന്ന് തന്റെ ആദ്യ പ്രസംഗം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉപരിസഭയിൽ അദ്ദേഹത്തിന് സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചിരിക്കുന്നത്.
രാജ്യസഭാംഗമായി അഞ്ച് വർഷം തികച്ച സച്ചിന് ഒരു വർഷം മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാൽ ഇതുവരെ ഒരു ചർച്ചയിലും ഇദ്ദേഹം പങ്കാളിയായിരുന്നില്ല. ഇന്ന് ആദ്യമായാണ് സച്ചിൻ തെൻഡുൽക്കർ ആദ്യ ചർച്ചയ്ക്ക് ഒരുങ്ങുന്നത്.
എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളിൽ കോൺഗ്രസ് രണ്ട് സഭകളിലും പ്രതിഷേധിക്കുകയാണ്. നരേന്ദ്രമോദി, താൻ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
എന്നാൽ ആരും മാപ്പ് പറയാൻ പോകുന്നില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും ഉള്ളത്. ഈ സാഹചര്യത്തിൽ സച്ചിൻ തെൻഡുൽക്കർക്ക് താൻ ഉന്നയിക്കാൻ ആഗ്രഹിച്ച വിഷയം ഉന്നയിക്കാൻ സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.