ക്രിക്കറ്റ് മൈതാനത്ത് ബാറ്റ് കൊണ്ട് വിസ്മയം തീർക്കുന്ന സച്ചിൻ തെൻഡുൽക്കർ രാജ്യസഭയിൽ ശരിക്കും വിയർപ്പൊഴുക്കി. രാജ്യസഭയിലെ സച്ചിന്റെ ആദ്യ പ്രസംഗം പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ അദ്ദേഹം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ നിർത്തിവച്ചു. കന്നി പ്രസംഗത്തിനെത്തിയ സച്ചിനാകട്ടെ ഒന്നും സംസാരിക്കാൻ കഴിഞ്ഞതുമില്ല.
രാജ്യസഭാംഗമായി അഞ്ച് വർഷം തികച്ച സച്ചിന് ഒരു വർഷം മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാൽ ഇതുവരെയും സച്ചിൻ രാജ്യസഭയിൽ പ്രസംഗിച്ചിരുന്നില്ല. ഇന്ന് ആദ്യമായാണ് സച്ചിൻ തെൻഡുൽക്കർ ചർച്ചയ്ക്ക് എത്തിയത്. ‘കളിക്കാനുളള അവകാശവും കായികരംഗത്തെ ഭാവിയും’ എന്ന വിഷയത്തിൽ ഹ്രസ്വ ചർച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സച്ചിന് സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചിരുന്നത്. എന്നാൽ സംസാരിക്കാനായി സച്ചിൻ എഴുന്നേറ്റയുടൻ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് പരാമർശം ഉയർത്തി. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടങ്ങി.
ഭാരതരത്ന കിട്ടിയ വ്യക്തിയാണ് സച്ചിനെന്നും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണമെന്നും സ്പീക്കർ വെയ്യങ്ക നായിഡു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. അതിനുശേഷം സച്ചിനോട് സംസാരിക്കാൻ സ്പീക്കർ പറഞ്ഞു. പക്ഷേ അപ്പോഴേക്കും സച്ചിന്റെ വീര്യമെല്ലാം ചോർന്നിരുന്നു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. സ്പീക്കർ ആംഗ്യത്തിലൂടെ സച്ചിനോട് സംസാരിക്കാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും വാക്കുകൾ വിഴുങ്ങിയ സച്ചിൻ പ്രതിപക്ഷ ബഹളത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന കാഴ്ചയാണ് രാജ്യസഭയിൽ കണ്ടത്.