ന്യൂഡല്‍ഹി: പാന്‍ഡോര രേഖകളില്‍ ഇടംപിടിച്ച് പ്രമുഖ ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭാ അംഗവുമായ സച്ചിന് ടെന്‍ഡുല്‍ക്കറും കുടുംബാംഗങ്ങളും. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ (ബിവിഐ) 2016ല്‍ ലിക്വിഡേറ്റ് ചെയ്ത ഓഫ്ഷോര്‍ സ്ഥാപനത്തിന്റെ ബെനിഫിഷ്യല്‍ ഓണര്‍മാര്‍ (ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്ന വ്യക്തികള്‍) എന്ന നിലയിലാണ് ഇവര്‍ രേഖകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പനാമ വെളിപ്പെടത്തലിനെത്തുടർന്നാണ് ഈ കമ്പനി പ്രവർത്തനം അവസാനിച്ചത്.
സച്ചിന്, ഭാര്യ അഞ്ജലി ടെൻഡുല്‍ക്കര്‍, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവരെ ബിവിഐ കേന്ദ്രമായ കമ്പനിയായ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബെനിഫിഷ്യല്‍ ഓണര്മാരായും ഡയരക്ടര്‍മാരായും പാന്‍ഡോര രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നു. പനാമ നിയമസ്ഥാപനമായ അല്കോഗലില് നിന്നുള്ള രേഖകളുടെ ഭാഗമാണ് ഈ ഡേറ്റ.
പാന്‍ഡോര രേഖകളിലെ സാസിന്റെ ആദ്യ പരാമര്‍ശം 2007 മുതലുള്ളതാണ്. 2016 ജൂലൈയില്‍ കമ്പനി ലിക്വിഡേറ്റ് ചെയ്ത സമയം മുതല്‍ ഏറ്റവും വിശദമായ രേഖകള്‍ ലഭ്യമാണ്. കമ്പനി ഉടമകള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ വിവരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കമ്പനി പാപ്പരാകുമ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പ് ആസ്തികള്‍ അവകാശികള്‍ക്കു വിതരണം ചെയ്യുന്നതിനെയാണ് ലിക്വിഡേഷന് എന്നു പറയുന്നത്.
കമ്പനിയുടെ ലിക്വിഡേഷന് സമയത്ത്, ലിസ്റ്റ് ചെയ്ത മൂല്യം അനുസരിച്ച് ഓഹരി ഉടമകള്‍ ഓഹരികള്‍ തിരികെ വാങ്ങി. സച്ചിന് ടെണ്ടുല്‍ക്കര്‍ (9 ഓഹരി) 56,702 ഡോളറും അഞ്ജലി ടെണ്ടുല്‍ക്കര്‍ (14 ഓഹരി) 1,375,714 ഡോളറും ആനന്ദ് മേത്ത (5 ഓഹരി) 453,082 ഡോളറുമാണ് തിരികെ വാങ്ങിയത്.

ഇത്തരത്തില്‍, സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഓഹരികളുടെ ശരാശരി തിരികെ വാങ്ങല്‍ വില ഏകദേശം 96,000 ഡോളറാണ്. 2007 ഓഗസ്റ്റ് 10 -ലെ (കമ്പനി രൂപീകരിച്ച ദിവസം) കമ്പനിയുടെ ഒരു പ്രമേയം വ്യക്തമാക്കുന്നതു പോലെ, കമ്പനിയുടെ 90 ഓഹരി ആരംഭത്തില്‍ തന്നെ നല്‍കിയിരുന്നു.
അഞ്ജലി ടെന്‍ഡുല്‍ക്കറിന് 60 ഓഹരിയുള്ള ആദ്യ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍, പിതാവിനു 30 ഓഹരികളുള്ള രണ്ടാമത്തെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ശേഷിക്കുന്ന ഓഹരികള്‍ തിരികെ വാങ്ങുന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെങ്കിലും, 90 ഓഹരികളുടെ മൂല്യം 8.6 മില്യണ്‍ ഡോളര്‍ (ഏകദേശം 60 കോടി രൂപ) ആയി കണക്കാക്കാം.
പനാമ രേഖകള്‍ വെളിപ്പെടുത്തി മൂന്ന് മാസത്തിനു ശേഷമാണ് സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ലിക്വിഡേഷന് നടന്നത്.
Also Read: Pandora Papers: എന്തുകൊണ്ടാണ് പാൻഡോര പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?
സച്ചിന് തെന്‍ഡുല്‍ക്കറും അഞ്ജലി ടെന്‍ഡുല്‍ക്കറും അല്‍കോഗല്‍ സ്പ്രെഡ്ഷീറ്റുകളില്‍ രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികള്‍ (പിഇപി) എന്ന വിഭാഗത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്. പിഇപികളുടെ കാര്യത്തില്‍ ഒരിടത്ത് എംപിയായി പരാമര്‍ശിച്ചിരിക്കുന്ന സച്ചിനെ ‘ഹൈ റിസ്ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് രണ്ട് മാസം മുമ്പ് 2016 മേയില്‍ സച്ചിന്റെയും അഞ്ജലിയുടെയും പിഇപി സ്റ്റാറ്റസിന്റെ മറ്റൊരു അവലോകനം നടത്തി.
നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമെന്ന നിലയില്‍ 2012 മുതല്‍ 2018 വരെയായിരുന്നു രാജ്യസഭയില്‍ സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ കാലളയളവ്. ഈ കാലളയവില്‍ അദ്ദേഹത്തിന്റെ ബിവിഐ സ്ഥാപനം അല്കോഗലുമായി പ്രവര്‍ത്തിച്ചു. ചട്ടങ്ങളനുസരിച്ച് രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ പോലെ വാര്‍ഷിക ആസ്തികളുടെയും ബാധ്യതകളുടെയും പട്ടിക സമര്‍പ്പിക്കേണ്ടതില്ല.