മുംബൈ: വാഹനാപകടത്തില്‍പ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ തന്റെ സുഹൃത്തിനെ ശരിയായ പരിചരണം നല്‍കി ആശുപത്രിയിലെത്തിച്ച മുംബൈ ട്രാഫിക് പൊലീസിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. നവംബര്‍ 30-ാം തീയതിയായിരുന്നു അപകടം നടന്നത്. ലോകം ഇത്രയധികം മനോഹരമാകുന്നത് ഇത്തരം ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന് സച്ചിന്‍ അഭിനന്ദന കുറിപ്പില്‍ പറഞ്ഞു.
ഡിസംബര്‍ 17-ാം തീയതിയിലെ സച്ചിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പങ്കുവച്ചിരുന്നു. “ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ്, അടുത്ത സുഹൃത്തിന് ഗുരുതരമായ അപകടമുണ്ടായി. ദൈവാനുഗ്രഹം കൊണ്ട് അവര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. തക്കസമയത്ത് എത്തിയ ട്രാഫിക് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് രക്ഷയായത്. നട്ടെല്ലിന് പരിക്കേറ്റയാളെ കൂടുതല്‍ അപകടങ്ങളുണ്ടാകാതെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹത്തെ പോലെ ജോലിക്കപ്പുറം ചെയ്യുന്ന നിരവധിയാളുകള്‍ ഉണ്ട്,” സച്ചിന്റെ ട്വീറ്റില്‍ പറയുന്നു.
നവംബർ 30 ന് വൈകുന്നേരം അഞ്ചു മണിയോടെ സാന്താക്രൂസിലെ പോലീസ് സ്റ്റേഷന് എതിർവശത്തായിരുന്നു സംഭവം. അപകത്തില്‍പെട്ട നിരുപമ ചവാൻ റിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. ഒരു വലിയ വാഹനം അവരുടെ റിക്ഷയ്ക്ക് സമീപമുള്ള തൂണിൽ ഇടിച്ചു. ആഘാതത്തില്‍ തൂണ്‍ ഓട്ടോയുടെ മുകളിലേക്ക് വീണു. അനുപമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധിയാളുകള്‍ ചേര്‍ന്നാണ് തൂണ്‍ നീക്കം ചെയ്തത്. ട്രാഫിക് കോൺസ്റ്റബിൾ സുരേഷ് ധുംസെ സമയം പാഴാക്കാതെ അവരെ റിക്ഷയില്‍ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
“ഞാൻ അവരുടെ പേഴ്സും മൊബൈലും പിടിച്ച് പാസഞ്ചർ ലെഗ് സ്പേസിൽ ഇരുന്നു. ഹോസ്പിറ്റലിൽ എത്താൻ മിനിറ്റുകൾ മാത്രം ഉള്ളതിനാൽ ഡ്രൈവറോട് സാവധാനം വണ്ടിയോടിക്കാൻ ഞാന്‍ ആവശ്യപ്പെട്ടു. നട്ടെല്ലിന് ക്ഷതമേറ്റ യുവതി വേദനയിലായിരുന്നു. അവരെ ആശ്വസിപ്പിക്കാൻ ഞാൻ സീറ്റിന്റെ ഒരു മൂലയിൽ ഇരിക്കുകയും അവരുടെ തല എന്റെ മടിയിൽ വയ്ക്കുകയും ചെയ്തു. അവരുടെ ഭർത്താവ് അവളുടെ ഫോണിൽ വിളിച്ചപ്പോള്‍ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു. ശസ്ത്രക്രിയ അന്ന് ഏഴ് മണിക്കൂർ നീണ്ടുനിന്നതായി പറഞ്ഞു. അവര്‍ക്ക് ഇപ്പോൾ നടക്കാൻ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി,” ധുംസെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഡിസംബർ രണ്ടിന് സച്ചിൻ ധുംസെയെ കാണുകയും നേരിട്ട് നന്ദി പറയുകയും ചെയ്തു. “സച്ചിനെ കണ്ടതിൽ എനിക്ക് അതിയായ സന്തോഷം തോന്നി. അദ്ദേഹം എന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ കളി കണ്ടു വളർന്നതാണ്. നേരിട്ട് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. അന്ന് നടന്ന സംഭവത്തെ കുറിച്ച് ഞാൻ ആരോടും പറഞ്ഞിരുന്നില്ല. കാരണം ഞാൻ എന്റെ ഡ്യൂട്ടി ചെയ്യുക മാത്രമായിരുന്നു, എന്റെ സ്ഥാനത്ത് ആരാണെങ്കിലും ഇത് തന്നെ ചെയ്യുമായിരുന്നു,” ധുംസെ കൂട്ടിച്ചേർത്തു.