/indian-express-malayalam/media/media_files/uploads/2018/04/sachin.jpg)
ന്യൂഡൽഹി: രാജ്യസഭ എംപിയായി സേവനം അനുഷ്ഠിച്ചതിന് കിട്ടിയ മുഴുവൻ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സച്ചിൻ തെൻഡുൽക്കർ. കഴിഞ്ഞ 6 വർഷമായി തനിക്ക് കിട്ടിയ ഏകദേശം 90 ലക്ഷം രൂപയാണ് സച്ചിൻ സഹായനിധിയിലേക്ക് കൈമാറിയത്. സച്ചിന്റെ പ്രവൃത്തിയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.
സച്ചിൻ കാണിച്ച ഈ നല്ല പ്രവൃത്തിക്ക് അദ്ദേഹത്തോട് പ്രധാനമന്ത്രി നന്ദി പറയുന്നു. ദുരിത ജീവിതം അനുഭവിക്കുന്ന ഒട്ടേറെ പേർക്ക് ഇത് സഹായകമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
6 വർഷത്തെ രാജ്യസഭാ കാലാവധിക്കിടയിൽ പാർലമെന്റിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രം എത്തിയതിന്റെ പേരിൽ സച്ചിൻ തെൻഡുൽക്കറും നടി രേഖയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് എംപിയായി പ്രവർത്തിച്ചതിന് ലഭിച്ച ശമ്പളം മുഴുവൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സച്ചിൻ മാതൃകയായത്.
അതേസമയം, പ്രാദേശിക വികസനത്തിനായി എംപി ഫണ്ട് സച്ചിൻ വളരെ നന്നായി വിനിയോഗിച്ചിട്ടുണ്ട്. തനിക്ക് അനുവദിച്ച 30 കോടിയിൽ 7.4 കോടി 185 രാജ്യത്ത് വിവിധ ഇടങ്ങളിലെ പദ്ധതികൾക്കായി അനുവദിച്ചതായി സച്ചിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം, പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് പണം ചെലവഴിച്ചിരിക്കുന്നത്.
ആന്ധ്ര പ്രദേശിലെയും മഹാരാഷ്ട്രയിലെയും രണ്ടു ഗ്രാമങ്ങൾ ദത്തെടുത്ത് സച്ചിൻ പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജ്ന പദ്ധതിയുടെ കീഴിലാണ് സച്ചിൻ രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തത്.
2012 ലാണ് സച്ചിൻ രാജ്യസഭാ എംപിയായി സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ ആറ് വര്‍ഷത്തിനിടിയില്‍ സഭയിലെ സച്ചിന്‍റെ ഹാജര്‍ നില 7.3 ശതമാനമാണ്. 400 പാര്‍ലമെന്‍റ് സെഷനുകളില്‍ 29 എണ്ണത്തില്‍ മാത്രമാണ് സച്ചിന്‍ പങ്കെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.