ജയ്‌പൂർ: വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ ശക്തമായ നടപടിയുമായി കോൺഗ്രസ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ നീക്കി. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

Sachin Pilot, സച്ചിൻ പെെലറ്റ്, Rajastan , രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി

സച്ചിൻ പെെലറ്റ്

സച്ചിൻ പൈലറ്റിനെ പിന്തുണയ്‌ക്കുന്ന വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവരെയും കാബിനറ്റിൽ നിന്നും പുറത്താക്കി. ഗോവിന്ദ് സിങ് ദോതസ്രയെ രാജസ്ഥാൻ പിസിസി അധ്യക്ഷനായി നിയമിച്ചു. ‘സത്യത്തെ ഒരിക്കലും തോൽപ്പിക്കാൻ സാധിക്കില്ല’ എന്നാണ് പാർട്ടി നടപടിക്കു പിന്നാലെ സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

നിയമസഭാകക്ഷി നേതാക്കളുടെ ചർച്ചയ്‌ക്ക് ശേഷമാണ് സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുത്ത കാര്യം കോൺഗ്രസ് വക്‌താവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളെ അറിയിച്ചത്. സച്ചിൻ പൈലറ്റടക്കമുള്ള കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു വലയിലാക്കാൻ ബിജെപി ശ്രമിക്കുന്നതായി സുർജേവാല ആരോപിച്ചു. “പൈലറ്റുമായി നിരവധി തവണ സംസാരിച്ചു. അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസിനുള്ളിൽ പൈലറ്റിനു ലഭിച്ച സ്വീകാര്യതയും അധികാരങ്ങളും മറ്റൊരു യുവനേതാക്കൾക്കും ലഭിച്ചിട്ടില്ല” സുർജേവാല പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള അഭിപ്രായഭിന്നത സച്ചിൻ പൈലറ്റ് നേരത്തെ പരസ്യമാക്കിയിരുന്നു. ഇന്നു ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ നിന്നു സച്ചിൻ പൈലറ്റും മറ്റ് എംഎൽഎമാരും വിട്ടുനിന്നത് സ്ഥിതി രൂക്ഷമാക്കി. 16 എംഎൽഎമാരുടെ പിന്തുണയാണ് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്. അതേസമയം, അശോക് ഗെഹ്‌ലോട്ട് സർക്കാരിനു ഭൂരിപക്ഷം നഷ്‌ടമാകില്ലെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. എംഎൽഎമാരുടെ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. സച്ചിൻ പൈലറ്റിലെ ബിജെപി സ്വാഗതം ചെയ്‌തതായാണ് വിവരം.

Read Also: സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്

കോൺഗ്രസ് നേതാക്കളെ സ്വാധീനിക്കാൻ ബിജെപി കഴിഞ്ഞ കുറേ നാളുകളായി പരിശ്രമിക്കുകയാണെന്ന് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. നേതാക്കൾക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ഗെഹ്‌ലോട്ട് പറയുന്നു. “പൈലറ്റിനെതിരെ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിക്കപ്പെടുകയായിരുന്നു. ബിജെപി കുറേ നാളുകളായി കോൺഗ്രസിനെതിരെ ഗൂഢാലോചന നടത്തുന്നു. ഇതേ കുറിച്ച് ഞാൻ പാർട്ടിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിജെപിയുടെ കുതിരക്കച്ചവട കെണിയിൽ വീഴരുതെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയുടെ കെണിയിൽ വീണുപോയി. അവർ തെറ്റിദ്ധരിക്കപ്പെട്ടു. പണവും അധികാരവും ഉപയാഗിച്ച് രാജസ്ഥാനിലെ സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ കെണിയിൽ വീണ നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചതാണ്, എന്നാൽ അവർ എത്തിയില്ല” ഗെഹ്‌ലോട്ട് പറഞ്ഞു.

തനിക്കെതിരെ നടപടിയെടുത്ത വിവരം അറിഞ്ഞതിനു തൊട്ടുപിന്നാലെ ട്വിറ്റർ ബയോയിൽ നിന്നു കോൺഗ്രസ് അധ്യക്ഷൻ, രാജസ്ഥാൻ ഉപമുഖ്യമന്ത്രി എന്നീ വിവരങ്ങൾ സച്ചിൻ നീക്കം ചെയ്‌തു. കോൺഗ്രസ് ആസ്ഥാനത്തെ സച്ചിൻ പൈലറ്റിന്റെ പേര് എഴുതിയുള്ള ബോർഡ് പാർട്ടിയും നീക്കം ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook