ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയുടെ വിവാദമായ പുതിയ മംഗൾസൂത്ര (താലി) കളക്ഷൻ പരസ്യം 24 മണിക്കൂറിനുള്ളിൽ പരസ്യം നീക്കം ചെയ്തില്ലെങ്കിൽ ഡിസൈനർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര.
“ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയുടെ മംഗൾസൂത്ര പരസ്യം അങ്ങേയറ്റം പ്രതിഷേധാർഹവും വേദനാജനകവുമാണ്,” എന്ന് മിശ്ര ഞായറാഴ്ച ട്വീറ്റ് ചെയ്തു. “24 മണിക്കൂറിനുള്ളിൽ ആക്ഷേപകരമായ പരസ്യം നീക്കം ചെയ്തില്ലെങ്കിൽ, അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും,” എന്നും ട്വീറ്റിൽ പറയുന്നു.
പുതിയ മംഗൾസൂത്ര കളക്ഷന്റെ പ്രൊമോഷന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിനെതിരെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. താലി ധരിച്ചുകൊണ്ട് മോഡലുകൾ ഈ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ചില കോണുകളിൽ നിന്ന് വ്യാപക വിമർശനം വന്നത്.
Also Read: ‘സമീർ വാങ്കഡെ ജന്മം കൊണ്ട് മുസ്ലീം;’ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നവാബ് മാലിക്
പരസ്യത്തിൽ മംഗളസൂത്രം ചിത്രീകരിച്ചതിന് ബിജെപിയുടെ നിയമോപദേഷ്ടാവ് ശനിയാഴ്ച ഫാഷൻ ഡിസൈനർക്ക് നോട്ടീസ് നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
“നിങ്ങളുടെ പ്രമോഷണൽ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മോഡലുകൾ ഒറ്റയ്ക്കോ മറ്റുള്ളവരുമായി അടുത്തിടപഴകിയോ പോസ് ചെയ്യുന്നു. ഒരു ചിത്രത്തിൽ, ഒരു സ്ത്രീ മോഡൽ കറുത്ത ബ്രേസിയറും സബ്യസാചിയുടെ മംഗളസൂത്രവും ധരിച്ച് ഷർട്ടില്ലാത്ത പുരുഷ മോഡലിന്റെ മേൽ തല ചായ്ക്കുന്നത് കാണുന്നത് മുഴുവൻ ഹിന്ദു സമൂഹത്തിനും ഹിന്ദു വിവാഹത്തിനും അപമാനകരാണ്, ” നോട്ടീസിൽ പറയുന്നു.
കറുത്ത ഓനിക്സും പേളും 18 കാരറ്റ് സ്വർണ്ണവും കൊ കൊണ്ടാണ് ആഡംബര മംഗൾസൂത്രം നിർമ്മിച്ചിരിക്കുന്നത്. 1,65,000 രൂപയാണ് ഇതിന് വില.