ന്യൂഡൽഹി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ ഫോട്ടോഷൂട്ട് നടത്തി പുറത്തുവിട്ട ചിത്രം പ്രചാരണ ആയുധമാക്കി ബിജെപി ഡൽഹി ഘടകം വക്താവ് തേജീന്ദർ പാൽ സിങ് ബഗ്ഗ.

ബഗ്ഗയാണ് ഇന്നലെ ഡൽഹിയിൽ നടത്തിയ സേവ് ശബരിമല പ്രതിഷേധ യോഗത്തിൽ കേരളത്തിലെ ആർഎസ്എസ് പ്രവർത്തകന്റെ ‘ഫോട്ടോഷൂട്ട്’ ചിത്രം ഉപയോഗിച്ചത്.

ഡൽഹിയിലെ ആംആദ്മി പാർട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്ത എംഎൽഎ കപിൽ മിശ്ര, സുപ്രീം കോടതി അഭിഭാഷക മോണിക അറോറ തുടങ്ങിയവർ ഞായറാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന്റെ ചിത്രം ട്വിറ്ററിൽ നൂറ് കണക്കിന് പേരാണ് പങ്കുവച്ചിരിക്കുന്നത്.

സുപ്രീം കോടതിയ്ക്ക് മുന്നില്‍ ശബരിമല പ്രതിഷേധങ്ങളെ അനുകൂലിച്ച് ഫ്‌ളക്‌സ്

ഇടംകൈയ്യിൽ അയ്യപ്പ വിഗ്രഹവും തലയിൽ ഇരുമുടി കെട്ടുമായി ഇരിക്കുന്ന അയ്യപ്പഭക്തനെ കാക്കി നിറത്തിലുളള പാന്റ് ധരിച്ച കാല് കൊണ്ട് വലതുനെഞ്ചിൽ ചവിട്ടുന്നതാണ് ചിത്രം. പൊലീസ് ശബരിമലയിൽ അയ്യപ്പഭക്തരെ മർദ്ദിച്ചതിന്റേതെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രം.  ചിത്രം വ്യാജമാണെന്ന്  തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. പിന്നീടിത് ശരിയാണെന്ന് ബോധ്യപ്പെട്ടു.

ഫോട്ടോഷൂട്ട് നടത്തി ചിത്രം പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുറുപ്പിനെ കലാപത്തിന് ശ്രമിച്ചുവെന്ന കേസിൽ മാന്നാര്‍ പൊലീസ് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലായിരുന്നു നടപടി.

ഐ പി സി സെക്ഷൻ 153,500,118 എന്നിവയ്ക്ക് പുറമെ കേരള പൊലീസ് ആക്ട് സെക്ഷൻ 120 എന്നീ വകുപ്പളാണ് രാജേഷ് കുറുപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും മാന്നാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ മാസം തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ നിലയ്ക്കൾ ഉണ്ടായ അക്രമണത്തിൽ പൊലീസ് ലാത്തിചർജ്ജിനെതിരെയാണ് താൻ ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് രാജേഷ് കുറിപ്പ് പറയുന്നത്. സംഭവം വിവാദമായതോടെ ചിത്രം പിൻവലിച്ചെങ്കിലും അതിനോടകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

ഫോട്ടോഷൂട്ട് നടത്തി കലാപത്തിന് ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇന്നലെ ഡൽഹിയിൽ നടത്തിയ സേവ് ശബരിമല പരിപാടിയിലാണ് തേജീന്ദർ പാൽ അടക്കമുളള നേതാക്കൾ ഈ ചിത്രം ഉൾപ്പെടുത്തി അച്ചടിച്ച സേവ് ശബരിമല പോസ്റ്റർ ഉയർത്തിക്കാട്ടിയത്. വേദിയുടെ പുറകിൽ വലിയ ഫ്ലെക്സും ഉയർത്തിയിരുന്നു. പോസ്റ്ററിലും ഫ്ലെക്സിലും വലത് ഭാഗത്ത് താഴെയായി, ചെറിയ അക്ഷരത്തിൽ ചിത്രം പ്രതീകാത്മകമാണെന്ന് പ്രത്യേകം കുറിച്ചിട്ടുണ്ട്. എന്നാലിത് പൂർണ്ണമായും വായിക്കാനാവില്ല.

തെറ്റായ ചിത്രമാണ് തേജീന്ദർ പാലും സംഘവും ഉപയോഗിച്ചിരുന്നതെന്ന് വാദമുയർന്നതിന് പിന്നാലെ ബിജെപി പ്രവർത്തകർ ചിത്രം പ്രതീകാത്മകമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന വാദവുമായി ട്വിറ്ററിൽ രംഗത്തെത്തി. ബിജെപി രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ് വ്യാജ ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നാണ് മറുഭാഗത്തിന്റെ വാദം.

അതേസമയം ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്ററിന്റെ ഒരു ലക്ഷം പകർപ്പുകൾ സ്റ്റിക്കറുകളായി പുറത്തിറക്കുമെന്നാണ് ട്വിറ്ററിൽ സുരേഷ് എൻ എന്നയാൾ കുറിച്ചിരിക്കുന്നത്. ഡൽഹിയിലാകെ പോസ്റ്റർ പതിക്കാനാണ് ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook