ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി ഉദിത് രാജ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ ബിജെപി ശക്തമായി എതിര്‍ക്കുമ്പോള്‍, ആദ്യമായാണ് സുപ്രീം കോടതി വിധിയെ പിന്തുണച്ച് ഒരു ബിജെപി നേതാവ് പരസ്യമായി രംഗത്ത് വരുന്നത്.

‘സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയതില്‍ വളരെ സന്തോഷമുണ്ട്. സതിയും സ്ത്രീധനവും പോലുള്ള ആചാരങ്ങള്‍ മാത്രമാണിത്. അതും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടോ?’ അദ്ദേഹം ചോദിച്ചു. യുവതീ പ്രവേശനത്തിനെതിരെ ഉയര്‍ന്നു വരുന്ന ശക്തമായ പ്രതിഷേധങ്ങളെ അദ്ദേഹം അപലപിച്ചു. എല്ലാ പുരുഷന്മാരും വരുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നും ഉദിത് രാജ് പറഞ്ഞു.

മുമ്പ് കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത്, പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും ഗുരുവായൂരിലേയുമെല്ലാം സ്വര്‍ണം, സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം എന്ന് ഉദിത് രാജ് അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ ജീവനുവേണ്ടി നിലവിളിക്കുമ്പോള്‍ എന്തിനാണ് ഈ സ്വര്‍ണം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷമാണ് അരങ്ങേറുന്നത്. പാലക്കാട് ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook