ചെന്നൈ: അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഭരണകൂടത്തിന്റെ നടപടികളില്‍ ഏറ്റവും മോശമായതെന്ന്, ശബരിമലയില്‍ കേരള സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ ചരിത്രം വിലയിരുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്.

2002ലെ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിനെക്കാള്‍ നാണക്കേടാണോ അതെന്നായിരുന്നു പ്രകാശ് രാജ് ചോദിച്ചത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിലേക്കാണ് പേരെടുത്ത് പറയാതെ പ്രകാശ് രാജ് വിരല്‍ ചൂണ്ടുന്നത്. കലാപത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു നരേന്ദ്ര മോദി. അതിന് ശേഷം ബിജെപിയുടെ പൊതു സമ്മേളനത്തിലും മോദി പങ്കെടുത്തു. സമ്മേളനത്തില്‍ സംസാരിക്കവെയാണ് ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ മോദി വിമര്‍ശിച്ചത്.

രാജ്യം മുഴുവന്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യുകയാണ്. ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത നിലപാട് ലജ്ജാകരമാണ്. ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും ആത്മീയതയെയും ബഹുമാനിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പാണ്. പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ മറ്റൊരു നിലപാടുമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കേരളത്തിന്റെ സംസ്‌കാരത്തോടൊപ്പം നിന്നിട്ടുള്ള ഏക പാര്‍ട്ടി ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലിംഗ സമത്വത്തെക്കുറിച്ച് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും തന്നെയാണ് മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നത്. സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ക്കുന്നത് മുസ്‌ലിം ലീഗിനെയും മോദി വിമര്‍ശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ