ന്യൂഡൽഹി: പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധിയാണ് ഇന്ന് സുപ്രീംകോടതി പ്രസ്താവിച്ചത്. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ അഞ്ചംഗ ബെഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ലിംഗ അസമത്വമാണ് നടക്കുന്നതെന്നും ഹിന്ദു സ്ത്രീകളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈകടത്തലാണിതെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
ഈ ഹര്‍ജി പ്രോത്സാഹിപ്പിക്കരുതെന്നും മതവികാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തിന് ഹാനികരമല്ലെങ്കില്‍ കേവലം സാധാരണവിഷയമായി കണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്നുമാണ് ബെഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത്.
ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം സംരക്ഷണമുണ്ടെന്നും ഇതു പരിഗണിച്ചുകൊണ്ടാകണം വിധിയെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി.
ഒരു മതത്തിന്റെ ആചാരങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ആ മതത്തിലെ വിശ്വാസികളാണെന്നും അല്ലാതെ കോടതിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും പറഞ്ഞ ഇന്ദു മല്‍ഹോത്ര നിലവിലെ വിധി ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന് കൂടുതല്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു.