ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സമ്മതിക്കാതെ പ്രതിഷേധിച്ചവർക്കെതിരെ കോടതിയലക്ഷ്യ ഹർജി. മലയാളികളായ രണ്ട് സ്ത്രീകളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

എ.വി.വർഷ എന്ന മലയാളി സ്ത്രീ നൽകിയ ഹർജിയിൽ  ശബരിമല തന്ത്രി  കണ്ഠരര് രാജീവരര്, പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിന്റെ ചെയർമാൻ രാമവര്‍മ്മ രാജ  എന്നിവരെയാണ് പ്രതിയാക്കിയിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിനിയായ വനിത അഭിഭാഷക ഗീത നൽകിയ ഹർജിയിൽ  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിളള, പത്തനംതിട്ട ജില്ല ബിജെപി അദ്ധ്യക്ഷൻ അഡ്വ. കെ.ജി.മുരളീധരൻ ഉണ്ണിത്താൻ, സിനിമ താരം കൊല്ലം തുളസി എന്നിവരാണ് പ്രതികൾ.  ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് എതിരെ ഇവർ ഇരുവരും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിളളയുടെ നേതൃത്വത്തിൽ ആയിരത്തിലേറെ പേർ നിലയ്ക്കലിലും സമീപ പ്രദേശങ്ങളിലും സംഘടിച്ച് പ്രതിഷേധിച്ചതായും പൊതുമുതൽ നശിപ്പിച്ചതായും പരാതിയിൽ കുറ്റപ്പെടുത്തലുണ്ട്.

ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഹർജികൾ ഫയൽ ചെയ്യുന്നതിനായി  സ്ത്രീകൾ അറ്റോർണി ജനറലിന്റെ അനുമതി തേടിയിട്ടുണ്ട്. 1971 ലെ കോടതിയലക്ഷ്യ ചട്ടത്തിലെ സെക്ഷൻ 2(c) വകുപ്പ് പരാമർശിച്ചാണ് ഹർജി. ഇതേ നിയമത്തിലെ സെക്ഷൻ 12 ൽ പറയുന്ന പ്രകാരം ഇവരെ ശിക്ഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook