ബെംഗളൂരു: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധിയിൽ സന്തോഷമെന്ന് കർണാടക മന്ത്രി ജയമാല. ദൈവം തന്ന വിധിയാണിത്. പൂർവ്വികരുടെ പുണ്യമാണെന്നും ജയമാല പറഞ്ഞു. ജയമാല ശബരിമല പ്രവേശനം നടത്തിയത് വിവാദമായിരുന്നു.

1987 ൽ താൻ ശബരിമല സന്ദർശിച്ചുവെന്നും ശ്രീകോവിലിനകത്തെ അയപ്പ വിഗ്രഹത്തിൽ സ്പർശിച്ചുവെന്നും 2006 ലാണ് കന്നഡ നടി ജയമാല വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജയമാലയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ശബരിമലയിൽ സ്ത്രീ സാന്നിധ്യമുണ്ടായിട്ടുണ്ടെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതായി ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കർ  പറഞ്ഞിരുന്നു.  ഇതിനുപിന്നാലെയായിരുന്നു ജയമാലയുടെ വെളിപ്പെടുത്തൽ. കാലിൽ വലിയൊരു ശസ്ത്രക്രിയയ്ക്ക് ഭർത്താവ് വിധേയമായെന്നും അദ്ദേഹത്തിന് സുഖമായാൽ ശബരിമല ദർശനം നടത്താമെന്നും നേർന്നിരുന്നു. ഇതേത്തുടർന്നാണ് 1987ല്‍ ശബരിമലയിൽ ദർശനത്തിനായി എത്തിയത്. അവിടെ വച്ച് തിരക്കിൽപ്പെട്ട് ശ്രീകോവിലിനുളളിലേക്ക് വീണു. അപ്പോഴാണ് അയ്യപ്പ വിഗ്രഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചത്. അയ്യപ്പ വിഗ്രഹത്തിൽ തൊടാൻ പാടില്ലെന്ന് അപ്പോൾ തനിക്ക് അറിയില്ലായിരുന്നുവെന്നും ജയമാല പറഞ്ഞിരുന്നു.

എന്നാൽ ജയമാലയുടെ വാദങ്ങളെ അന്നത്തെ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്. വിഗ്രഹത്തില്‍ തൊടാനുള്ള സാധ്യത വളരെ വിരളമാണ്. തിരക്കിൽപ്പെട്ട് ശ്രീകോവിലിനകത്ത് എത്തിയെന്നും അയ്യപ്പ വിഗ്രഹം തൊട്ടുവെന്നുമുളള വെളിപ്പെടുത്തൽ മല ചവിട്ടിയിട്ടുള്ളവര്‍ ആരും വിശ്വസിക്കില്ല. ഒരു സ്ത്രീയായ ജയമാലയ്ക്ക് ഈ തിക്കിലും തിരക്കിലും എല്ലാവരും കാണ്‍കെ ശ്രീകോവിലിനുള്ളില്‍ എങ്ങനെ കടക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook