ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്കാണ് രാജ്യം ഇന്ന് സാക്ഷിയായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം ഇന്ന് വിധി പറഞ്ഞത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നാലു വിധികളാണ് പുറപ്പടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാൻ, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാണ് പുറത്തുവന്നത്. അഞ്ചംഗ ബെഞ്ചിൽ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര സ്ത്രീ പ്രവേശനത്തിൽ വിയോജിപ്പ് അറിയിച്ചുകൊണ്ടുളള വിധിപ്രസ്താവമാണ് പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി പ്രസ്താവം തുടങ്ങിയത്. ജസ്റ്റിസ് ഖാൻവിൽക്കറിന്റെയും ചീഫ് ജസ്റ്റിസിന്റെയും വിധിയാണ് താൻ പറയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്ത്രീകളെ ശബരിമലയിൽനിന്നും മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് വിധിയിൽ പറഞ്ഞത്. അയ്യപ്പ ക്ഷേത്രം എന്നത് ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാൻ കഴിയില്ല. 10 വയസ്സിനും 50 വയസ്സിനും ഇടയിലുളള സ്ത്രീകളെ മാറ്റിനിർത്തുന്നത് ആചാരമായി കണക്കാക്കാൻ കഴിയില്ല. സ്ത്രീകളെ മാറ്റിനിർത്തുന്നത് വിവേചനപരമാണെന്ന് ചീപ് ജസ്റ്റിസ് വിധിയിൽ നിരീക്ഷിച്ചു.

ജസ്റ്റിസ് ആര്‍.എഫ്. നരിമാൻ ഒരു പടി കൂടി കടന്നാണ് വിധിപ്രസ്താവം നടത്തിയത്. ഭരണഘടനയുടെ 17-ാം അനുച്ഛേദ പ്രകാരം തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ അന്നത്തെ ഭരണഘടന ശിൽപികൾ ശ്രമിച്ചിരുന്നു. അത് സ്ത്രീകൾക്കും ബാധകമാണ്. ഈ കേസിലും അത് ബാധകമാണ്. പിന്നാക്ക വിഭാഗങ്ങളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത് തൊട്ടുകൂടായ് ഇല്ലാതാക്കാൻ ശ്രമിച്ചത്, മാറ്റിനിർത്തപ്പെടുന്ന സ്ത്രീകൾക്കും അത് പ്രസക്തമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ദൈവത്തിനു മുന്നിൽ സ്ത്രീയെയും പുരുഷനെയും രണ്ടു തരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചത്. ശബരിമലയിൽ സ്ത്രീകളെ കൂടി പ്രവേശിപ്പിക്കേണ്ടത് ആവശ്യമാണ്. നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീകളെ മാറ്റിനിർത്തുന്നു എന്നായിരുന്നു കേസിനിടെ ഉയർന്നുവന്ന വാദം. നൈഷ്ഠിക ബ്രഹ്മചര്യം മുടക്കുന്നവരാണ് സ്ത്രീകൾ എന്ന മട്ടിൽ ഇത് അവതരിപ്പിക്കുന്നത് ശരിയല്ല. ഒരു തരത്തിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് തൊട്ടു കൂടായ്മ തന്നെയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.

ബെഞ്ചിലെ ഒരേയൊരു വനിതാ ജഡ്ജിയായ ഇന്ദു മൽഹോൽത്ര മാത്രമാണ് വിയോജിപ്പ് അറിയിച്ചുകൊണ്ടുളള വിധി പ്രസ്താവം നടത്തിയത്. ഒരു മതത്തിൽ അനുപേക്ഷണീയമായ ഒരു വിഷയത്തിൽ എന്താണ് ആചാരം എന്നത് നിശ്ചയിക്കാൻ ആ മതത്തിന് അവർക്കുണ്ട്. അതിൽ കയറി ഇടപെടാൻ കോടതികൾ തുനിയരുത്. മതത്തിന്റെ ആചാരത്തിലേക്ക് കൈകടത്തുന്നത് ശരിയല്ല. അയ്യപ്പ ഭക്തർക്ക് പ്രത്യേക ആരാധന രീതികളുണ്ട്. അങ്ങനെയെങ്കിൽ അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കാവുന്നതാണ്. ഒരു മതത്തിന്റെ ആചാരങ്ങളെ വിവേചനപരമായി കാണുന്നത് ഉചിതമായിരിക്കില്ല. അതൊരു വിശ്വാസത്തിന്റെ പ്രശ്നമാണ്. ഈ വിശ്വാസത്തിന്റെ പ്രശ്നത്തെ ഒരു വിവേചനമായി ചിത്രീകരിക്കുന്നത് അത് ഓരോ ജഡ്ജിയുടെയും വ്യക്തിപരമായ അഭിപായത്തിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇന്ദുമൽഹോത്ര വിധി പ്രസ്താവത്തിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook