ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമർശിച്ച് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ വിധി ശരിയായില്ലെന്ന് അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകൾ സമരത്തിലാണ്. ഈശ്വര കോപം കൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന് ഒരു കൂട്ടം വിശ്വസിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയെയാണ് ഞാൻ സ്വാഗതം ചെയ്യുന്നതെന്ന് ഒരു സ്വകാര്യ ടെവിലിഷൻ പരിപാടിയിൽ പങ്കെടുക്കവേ വേണുഗോപാൽ പറഞ്ഞു.

സ്ത്രീകൾ പ്രതിഷേധവുമായി തെരുവിറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ജനവികാരം മനസ്സിലാക്കാതെ തീരുമാനങ്ങൾ എടുക്കരുതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

അതിനിടെ, ശബരിമല വിധിയിൽ കേരളത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്‍റെ ഏകദിന നാമയജ്ഞം നടക്കുകയാണ്. രാവിലെ മുതൽ വൈകിട്ട് ആറ് വരെയാണ് യജ്ഞം.

വിധിയിൽ പ്രതിഷേധിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ പന്തളത്തുനിന്ന് തുടങ്ങിയ ലോങ്ങ് മാർച്ച് ഇന്ന് കൊല്ലത്ത് പര്യടനം നടത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിളളയാണ് മാർച്ച് നയിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും നടക്കുന്നുണ്ട്. ആയിരക്കണക്കിന് സ്ത്രീകളാണ് നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook