ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് ഇന്ന് സുപ്രീം കോടതി തീരുമാനം എടുക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തിനെതിരേ പത്തൊന്‍പത് ഹര്‍ജികളാണ് ലഭിച്ചിട്ടുളളത്.

വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇതു കൂടാതെ ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികളില്‍ തങ്ങളുടെ നിലപാടറിയിക്കുമെന്നും ശബരിമലയിലെ തല്‍സ്ഥിതി സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു.

തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ അടച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ സമാപന ദിനത്തിലും സന്നിധാനത്ത് ആവര്‍ത്തിക്കപ്പെട്ടു. യുവതികള്‍ പ്രവേശിച്ചെന്ന അഭ്യൂഹം പ്രചരിച്ചതോടെ പ്രതിഷേധക്കാര്‍ സന്നിധാനത്തും സോപാനത്തും ശരണം വിളികളുമായി നിലയുറപ്പിച്ചു. സന്നിധാനത്തെ വിവിധ ഓഫീസ് മുറികള്‍ അടക്കം പ്രതിഷേധക്കാര്‍ കയറി പരിശോധന നടത്തി. നേരത്തെ ആന്ധ്രയില്‍ നിന്നെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ പന്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Read More: തുലാമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്ര നട അടച്ചു

തുലാമാസ പൂജകള്‍ക്ക് യുവതികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതിരുന്നതില്‍ ആഹ്ലാദ പ്രകടനം നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ മലയിറങ്ങിയത്. ചിത്തിര ആട്ടവിശേഷ ചടങ്ങുകള്‍ക്കായി നവംബര്‍ അഞ്ചിന് വൈകിട്ട് വീണ്ടും നട തുറക്കും. പൂജകള്‍ക്ക് ശേഷം ആറിന് വൈകിട്ട് നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook