ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശം ഉള്‍പ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീം കോടതി പത്തുദിവസത്തിനകം വാദം പൂര്‍ത്തിയാക്കും. ഒന്‍പതംഗ ഭരണഘടനാ ബഞ്ച് 10 ദിവസം മാത്രമേ വാദം കേള്‍ക്കൂയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
വാദം പൂര്‍ത്തിയാക്കാന്‍ 22 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാന്‍ അഭിഭാഷകരുടെ യോഗത്തില്‍ ധാരണയായിരുന്നു. ഇക്കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചപ്പോഴാണു ചീഫ് ജസ്റ്റിസ് തീരുമാനം വ്യക്തമാക്കിയത്. പത്ത് ദിവസത്തിലധികം വാദം കേള്‍ക്കില്ലെന്നും ആര്‍ക്കെങ്കിലും അതില്‍ കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതേസമയം, ഒന്‍പതംഗ ബഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകര്‍ തയാറാക്കിയ വിഷയങ്ങളില്‍ അഭിപ്രായ സമവായമായിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ തയാറാക്കിയ പരിഗണനാ വിഷയങ്ങളുടെ കരട് അദ്ദേഹം കോടതിക്കു കൈമാറി. പരിഗണനാ വിഷയങ്ങള്‍ പുനഃക്രമീകരിക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചു.
പരിഗണന വിഷയത്തിന്റെ കരട് തയാറാക്കാന്‍ സുപ്രീം കോടതി നേരത്തെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ യോഗം ചേര്‍ന്നിരുന്നു. ഉപചോദ്യങ്ങള്‍ ഉള്‍പ്പടെ 17 ചോദ്യങ്ങള്‍ അടങ്ങിയ പരിഗണന വിഷയങ്ങളുടെ കരടാണ് അഭിഭാഷകരുടെ യോഗം തയാറാക്കിയത്. സോളിസിറ്റര്‍ ജനറലിനെ കൂടാതെ, അഭിഷേക് സിങ്വി, ഇന്ദിര ജയ്സിങ് എന്നിവരുമായും ആലോചിച്ച് മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയാണ് പരിഗണനാ വിഷയങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയത്.
ശബരിമല യുവതീ പ്രവേശം ഉള്‍പ്പെടെ, വിവിധ മതങ്ങളിലെ വിശ്വാസവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബഞ്ച് പരിഗണിക്കുന്നത്.
അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കൂയെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫെബ്രുവരി മൂന്നിന് വാദം ആരംഭിക്കുമെന്നാണു കരുതുന്നത്.