scorecardresearch
Latest News

ശബരിമല യുവതീപ്രവേശനം; ഓര്‍ഡിനന്‍സിനെ കുറിച്ച് വ്യക്തത നല്‍കാതെ മുരളീധരന്‍

ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു

Sabarimala, ശബരിമല, സ്ത്രീ പ്രവേശനം, women entry, V Muraleedharan, BJP, വി മുരളീധരന്‍, ബിജെപി, ഐഇ മലയാളം

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

Read More: വിദേശകാര്യവും പാര്‍ലമെന്ററിയും; വി മുരളീധരന് രണ്ട് വകുപ്പുകള്‍

ശബരിമല വിഷയം ബിജെപി പ്രകടന പത്രികയില്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതായി വി.മുരളീധരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. ശബരിമല യുവതീ പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍. ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി അധ്യക്ഷനുമായും പ്രധാനമന്ത്രിയും നിയമമന്ത്രിയുമായും ആലോചിച്ച് ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും. കോടതിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. യുവതീ പ്രവേശനത്തില്‍ പരിഹാരം കണ്ടെത്താന്‍ മുന്‍കൈ എടുക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന് മുരളീധരന്‍ ഉറപ്പിച്ച് പറഞ്ഞില്ല. വിദേശകാര്യ – പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനമാണ് മുരളീധരന് ലഭിച്ചിരിക്കുന്നത്.

Read More: അമിത് ഷായ്ക്ക് ആഭ്യന്തരം, രാജ്നാഥ് സിങ്ങിന് പ്രതിരോധം; ടീം മോദി തയ്യാർ

കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പലതരം പ്രശ്‌നങ്ങളുണ്ട്. വിമാനക്കമ്പനികളുടെ കൊള്ളനിരക്ക് അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. പ്രവാസി വോട്ടവകാശത്തെ കുറിച്ചും ആലോചിക്കും. ഈ വിഷയങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിഷയത്തെ കുറിച്ച് പഠിച്ച ശേഷം നടപടികള്‍ ആരംഭിക്കും. വിമാനക്കൂലി വര്‍ധനവ് മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. വെക്കേഷന്‍ കാലത്താണെങ്കിലും പെരുന്നാള്‍ കാലത്താണെങ്കിലും ടിക്കറ്റ് വില വര്‍ധനവ് വലിയ പ്രശ്‌നമാണ്. അത് പരിഹരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്. നേരത്തെ, കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞിരുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം ഇതിനു കാരണമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുരളീധരന്‍ പറഞ്ഞു.

Read More: സുഷമ സ്വരാജ്, ജെയ്റ്റ്ലി, മേനക ഗാന്ധി: മന്ത്രിസഭയില്‍ ഇടം നേടാതെ പോയ മുന്‍ കേന്ദ്രമന്ത്രിമാര്‍

കേരളത്തിലെ ബിജെപിയില്‍ ഇപ്പോള്‍ അഴിച്ചുപണി ആവശ്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അഴിച്ചുപണി നടത്താറില്ല. പാര്‍ട്ടിയില്‍ പുതിയ ഒരു അധികാരകേന്ദ്രമായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അടുത്തകാലത്ത് എതിര്‍ സ്ഥാനാര്‍ഥിയെ വധിക്കാന്‍ വരെ ശ്രമം നടന്നെന്നും സിപിഎം ഈ ശൈലി അവസാനിപ്പിച്ചാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിന് അറുതി ഉണ്ടാവൂ എന്നും മന്ത്രി ആരോപിച്ചു.

V Muraleedharan, വി മുരളീധരന്‍, BJP, ബിജെപി, Narendra Modi, നരേന്ദ്രമോദി, kerala, കേരളം, ie malayalam

ശബരിമല വിഷയം കൂടുതല്‍ വോട്ടുകള്‍ നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതുമാത്രം പോരായിരുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര ഇടപെടലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sabarimala issue ordinance v muraleedharan bjp central government