/indian-express-malayalam/media/media_files/uploads/2017/02/rajnath-singh759.jpg)
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി. ശബരിമല ക്ഷേത്രത്തിൽ രണ്ട് സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിലാണ് വ്യാപക അക്രമങ്ങൾ ആരംഭിച്ചത്.
എന്നാൽ ഹർത്താലിന് ശേഷവും രാഷ്ട്രീയസംഘർഷങ്ങൾ തുടർന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്നാഥ് സിംഗ് നിർദേശം നൽകി.വി മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി എംപി മാർ ഇന്നലെ രാജ്‌നാഥ് സിങിനെ നേരിൽ കണ്ട് പരാതി സമർപ്പിച്ചിരുന്നു.
ശബരിമലയിൽ പ്രവേശിച്ചത് മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും ഇത് കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷിക്കണം എന്നുമാണ് വി മുരളീധരൻ എംപി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും അക്രമ സംഭവങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ കേന്ദ്രസർക്കാരിന് ചീഫ് സെക്രട്ടറിയോ ഡിജിപി ലോക്നാഥ് ബെഹ്റയോ ഇതുവരെ മറുപടി നൽകിയിട്ടില്ല. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന നിർദേശം രാജ്നാഥ് സിംഗ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടർനടപടികൾ സ്വീകരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.