ശബരിമലയിൽ​ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ​ സ്ത്രീപ്രവേശനം നടപ്പാക്കുന്നതിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ അക്രമത്തിന്  എതിരെ പ്രതിഷേധം രാജ്യവ്യപാകമാകുന്നു തങ്ങൾക്ക് അനുകൂലമായി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയുമാണ് ചെയ്തത്.

നിലയ്ക്കലിൽ ഇന്നുണ്ടായ അക്രമ സംഭവങ്ങളിൽ ദേശീയ മാധ്യമങ്ങളിലെ ജീവനക്കാരായ ഏഴ് വനിത മാധ്യമപ്രവർത്തകർ അക്രമ സംഭവങ്ങൾക്ക് ഇരയാകേണ്ടി വന്നു. വനിത മാധ്യമപ്രവർത്തകരെ അക്രമികൾ തിരഞ്ഞുപിടിച്ച് ഉപദ്രവിച്ചതായി ഡൽഹി ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് എസ് കെ പാണ്ഡെയും ജനറൽ സെക്രട്ടറി സുജാത മനോകും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

റിപ്പോർട്ടർ ചാനലിന്റെ കാർ ആക്രമിച്ച് മാധ്യമപ്രവർത്തകരെ മർദ്ദിക്കുന്നതിന്റെ വീഡിയോ

വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രതിഷേധക്കാരായ വിശ്വാസികളുടെ ഭാഗത്ത് നിന്നാണ് അക്രമം ഉണ്ടായത്.  “സിഎൻഎൻ റിപ്പോർട്ടർ നീതു രഘുകുമാറിനെ പമ്പയിൽ വച്ച് ഒരു സംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. നിലയ്ക്കലിൽ വച്ച് സിഎൻഎൻ റിപ്പോർട്ടർ രാധിക രാമസ്വാമിയെ ഒരു സംഘം ഭീഷണിപ്പെടുത്തുകയും കാർ തകർക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കെ മറ്റ് മൂന്ന് വനിതകളെയും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് നീതു പറഞ്ഞത്,”

“ടൈംസ് നൗ ചാനലിന് വേണ്ടി കാജൽ കെ അയ്യർ വാർത്ത റിപ്പോർട്ട് ചെയ്യുന്ന സമയത്ത് അവരെ ഒരു സംഘം ആളുകൾ വളഞ്ഞ്, വാർത്ത റിപ്പോർട്ട് ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി. ഇവർ കാജലിന്റെ ക്യാമറമാനെയും ഭീഷണിപ്പെടുത്തി. ന്യൂസ് മിനുട്ടിന്റെ സരിത ബാലനെ ക്രൂരമായാണ് മർദ്ദിച്ചത്.  റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടർ പൂജ പ്രസന്ന, എൻഡിടിവിയുടെ സ്നേഹ മേരി കോശി, ആജ് തക് ചാനലിലെ മോസാമി സിങ് എന്നിവരും അക്രമികളുടെ ആക്രമണത്തിന് ഇരയായി,” വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

അക്രമി സംഘത്തിന് നായകത്വം വഹിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കേരള സംസ്ഥാന സർക്കാരിനോട് തങ്ങൾ ആവശ്യപ്പെടുന്നതായി എസ് കെ പാണ്ഡെയും സുജാത മനോകും പറഞ്ഞു.

മാധ്യമങ്ങൾക്ക് നേരെ സംഘടിതമായ ആക്രമണമാണ് നടന്നത്.  മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് പുറമെ, ക്യമാറ, ഡി എസ് എൻ​ജി വാഹനങ്ങൾ, യാത്ര വാഹനങ്ങൾ തുടങ്ങിയവയും അക്രമികൾ തകർത്തു.  എൻ ഡി ടിവി, റിപബ്ലിക്ക് ടിവി, ന്യൂസ് 18, ന്യൂസ് മിനിട്ട്, റിപ്പോർട്ടർ  ചാനൽ, ടൈംസ് നൗ, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മനോരമ ന്യാസ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടന്നത്.

ബി ജെ പി, കോൺഗ്രസ് എന്നീ പാർട്ടികളും വിവിധ ഹിന്ദു സംഘടനകളുമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. നിലയ്ക്കലിൽ ഇന്നലെ മുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതായിരുന്നു പ്രതിഷേധക്കാരുടെ നടപടികൾ.

സ്നേഹാ കോശി, പൂജാ പ്രസന്ന, സരിത എസ് ബാലൻ, പ്രജീഷ്, എസ് പി ബാബു, ഷമീർ, തുടങ്ങിയ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇവരുടെ വാഹനങ്ങളിലെ ഡ്രൈവർമാരും അക്രമത്തിനിരയായി. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറും നടത്തി. ഇന്നലെയും മാധ്യമ പ്രവർത്തകയെ പ്രതിഷേധത്തിന്റെ പേരിൽ തടഞ്ഞിരുന്നു. ശബരിമലയിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. നിലയ്ക്കൽ വഴിയുളള സഞ്ചാര സ്വാതന്ത്ര്യം പോലും തടയുന്ന അവസ്ഥയാണ്​ ഇന്നലെ മുതൽ ഈ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്.

ശബരിമലയിൽ പ്രാർത്ഥിക്കാനെത്തിയ സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കും ദുർഗാഷ്ടമി ദിവസം തന്നെ മർദനമേറ്റതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകയായ ബർക്കാദത്തിന്റെ ട്വീറ്റ്. നേരത്തെ റിപബ്ലിക്ക് ടിവിയുടെ അർണാബ് ഗോസ്വാമി ഈ സംഭവങ്ങൾക്ക് ഉത്തരവാദി രാഹുൽ ഈശ്വറാണെന്ന് ചാനലിൽ കുറ്റപ്പെടുത്തിയിരുന്നു.

രാഹുല്‍ ഈശ്വര്‍, നിങ്ങളാണ് ഉത്തരവാദി; പൊട്ടിത്തെറിച്ച് അര്‍ണബ് ഗോസ്വാമി

നിലയ്ക്കലിൽ ഇന്നലെ സ്ത്രീകളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടയുകയും സ്ത്രീകളെ ഇറക്കിവിടുകയും തടയുകയും ചെയ്തതെങ്കിൽ ഇന്ന് പുരുഷന്മാരാണ് ഇതിന് മുന്നിട്ടിറങ്ങിയത്. അക്രമം നടത്തുന്നവർക്ക് അനുകൂലമായി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു അക്രമികൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ