/indian-express-malayalam/media/media_files/uploads/2018/10/rahul-easwar-1.jpg)
മുംബൈ: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം നടത്തിയതിനു പിന്നാലെ, സമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഈശ്വറിനെ കടന്നാക്രമിച്ച് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. തങ്ങളുടെ ചാനലിലെ റിപ്പോര്‍ട്ടറായ പൂജ പ്രസന്നയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും മുഖം മറച്ച് സ്ത്രീകളെ ആക്രമിക്കുന്നത് എവിടുത്തെ ഭക്തിയാണെന്നും ഫോണ്‍ ഇന്‍ ചര്‍ച്ചയ്ക്കിടെ രോഷാകുലനായി അര്‍ണബ് ചോദിച്ചു.
അര്‍ണബ് രാഹുല്‍ ഈശ്വറിനോട് പറഞ്ഞതിന്റെ പൂര്‍ണരൂപം:
രാഹുല്‍ ഈശ്വര്‍, എന്താണ് അവിടെ നടക്കുന്നത്? നിങ്ങള്‍ ആരാണെന്നാണ് വിചാരം? എന്റെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന ആക്രമിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളാണ് ഇതിന് കാരണം. നിങ്ങളെപ്പോലുള്ള ആളുകളാണ് ഈ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിങ്ങളാണ് ഉത്തരവാദി രാഹുല്‍ ഈശ്വര്‍. നിങ്ങള്‍ക്കെതിരെ കേസെടുക്കും.
എന്തുകൊണ്ടാണ് പൂജ പ്രസന്ന ആക്രമിക്കപ്പെട്ടത്? എന്തിനാണ് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറെ ആക്രമിച്ചത്? ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞതാണ് ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കരുതെന്ന്. നിങ്ങളുടെ ക്ഷമചോദിച്ചതുകൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. എനിക്കറിയേണ്ടത് എന്തിനാണ് എന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ചതെന്നാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ നിങ്ങളോട് പറയുകയാണിത്. നിങ്ങള്‍ എനിക്കൊപ്പം നില്‍ക്കേണ്ട. ഞാന്‍ എന്റെ രീതിയില്‍ തന്നെ ഇത് നേരിടും. പക്ഷെ എന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ചവര്‍ക്കെതിരെ നിങ്ങള്‍ തന്നെ കേസ് കൊടുക്കണം. നിങ്ങള്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നതല്ലേ? നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം. അടുത്ത പൊലീസ് സ്റ്റേഷനില്‍ പോയി പൂജ പ്രസന്നയെ ആക്രമിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണം. ന്യൂസ് മിനിറ്റ് മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചവരെ കണ്ട് പിടിക്ക്.
ലജ്ജിക്കണം നിങ്ങള്‍. ഇവരാണോ ഭക്തര്‍? മുഖം മൂടിയിട്ട് സ്ത്രീകളെ ആക്രമിക്കുന്ന ഇവരാണോ ഭക്തര്‍? നിങ്ങള്‍ ദൈവത്തിന്റെ അടുത്ത് പോയി പ്രാര്‍ത്ഥിച്ച ശേഷം മുഖംമൂടിയണിഞ്ഞ് സ്ത്രീകളെ ആക്രമിക്കുന്നു. ഈ ഭക്തന്മാര്‍ക്കെതിരെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ രാഹുല്‍ ഈശ്വര്‍? നിങ്ങളും നിങ്ങളുടെ തന്ത്രി കുടുംബവും പൊലീസ് സ്റ്റേഷനിലേക്കാണ് പോകേണ്ടത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ അവകാശമില്ല. അങ്ങനെയുള്ളവരെയാണ് ദൈവസന്നിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേണ്ടത്.
നിങ്ങള്‍ ഒന്നും ചെയ്യണ്ട. വീട്ടില്‍ ചെന്ന് നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളോട് ചോദിക്ക്, അമ്മയോടും ദീപയോടും ചോദിക്ക്. പൂജ പ്രസന്ന ആക്രമിക്കപ്പെട്ടു. നിങ്ങള്‍ നാണം കൊണ്ട് തലയടിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഭീരുത്വത്തിലാണ് നിങ്ങളിതെല്ലാം ചെയ്യുന്നത്. ലജ്ജയില്ലേ നിങ്ങള്‍ക്ക്. ഇപ്പോള്‍ തന്നെ പോയി ആ 'ഭക്തന്മാര്‍'ക്കെതിരെ പരാതി കൊടുക്ക്. ഇപ്പോള്‍ തന്നെ.
അര്‍ണബ് ഗോസ്വാമിയോട് നിരന്തരമായി ക്ഷമ ചോദിച്ച രാഹുല്‍ ഈശ്വര്‍ ഒടുവില്‍ താന്‍ പൊലീസ് സ്റ്റേഷനില്‍ പോയി ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ പരാതി നല്‍കാമെന്ന് ഉറപ്പും നല്‍കി. നാല് വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്. രാഹുൽ ഈശ്വറുമായി അർണബ് ഗോസ്വാമി സംസാരിക്കുന്നതിനിടയിലും അതിക്രമങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. റിപ്പബ്ലിക് ചാനലിന്റെ കാറും പ്രതിഷേധക്കാർ തല്ലിത്തകർത്തു.
ദേശീയ മാധ്യമങ്ങളായ എൻഡി ടിവി, സിഎൻഎൻ ന്യൂസ് 18, റിപ്പബ്ലിക് ടിവി, ദി ന്യൂസ് മിനുട്ട്, മലയാളം ചാനൽ റിപ്പോർട്ടർ ടിവി എന്നിവയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പമ്പയിലേക്കു വന്ന രണ്ട് മാധ്യമ വിദ്യാർത്ഥിനികളേയും പ്രതിഷേധക്കാർ ബസിൽ നിന്നും വലിച്ചിറക്കിയിരുന്നു.
ഈ വിഷയത്തിലാണ് രാഹുൽ ഈശ്വറിനോട് അർണബ് ഗോസ്വാമി രോഷാകുലനായത്. ദേശീയ തലത്തിൽ രാഹുൽ ഈശ്വറിന് ശ്രദ്ധ നേടിക്കൊടുത്തതിൽ ഏറ്റവും വലിയ പങ്കുവഹിച്ച മാധ്യമപ്രവർത്തകൻ കൂടിയാണ് അർണബ് ഗോസ്വാമി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.