scorecardresearch
Latest News

ആലപ്പുഴയിൽനിന്ന് കുതിച്ച ‘റോക്കറ്റ് ബുദ്ധി’; എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറായ സോമനാഥ് ഇന്ത്യ ആദ്യമായി മനുഷ്യ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് ഉപയോഗിക്കുന്ന ജിഎസ്എല്‍വി മാര്‍ക്-3 റോക്കറ്റിന്റെ പ്രൊജക്ട് ഡയറക്ടറായും പ്രവർത്തിച്ചു

ISRO, ISRO new chairman, Dr. S Somanath, Dr. S Somanath ISRO, Dr. S Somanath iSROnew Chairman, Rocket scientist Dr. S Somanath ISRO new Chairman, Keralite Rocket scientist Dr. S Somanath ISRO new Chairman, Gaganyaan ISRO Dr. S Somanath, GSLV Mk-3 Dr. S Somanath, Dr. K Sivan ISRO, ISRO news, VSSC, kerala news, malayalam news, lates news, news in malayalam, indian express malayalam, ie malayalam

ബെംഗളൂരു: മലയാളി റോക്കറ്റ് ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാൻ. അദ്ദേഹത്തെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയായും ബഹിരാകാശ കമ്മിഷൻ ചെയർമാനായും കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. ജനുവരി 14നു ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്.

നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്‌സി) ഡയറക്ടറായ സോമനാഥ് ഐഎസ്ആര്‍ഒയുടെ പത്താമത് ചെയർമാനായാണു ചുമതലയേൽക്കുന്നത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ അദ്ദേഹം ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടറായി 1985ലാണ് വിഎസ്‌സിയിലെത്തിയത്. വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എൽപിഎസ്‌സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചന്ദ്രയാന്‍-2 ദൗത്യം വിക്ഷേപിച്ച ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്-3 വികസിപ്പിച്ചതിനു പിന്നിലെ പ്രധാന റോക്കറ്റ് ശാസ്ത്രജ്ഞരില്‍ ഒരാളാണ് സോമനാഥ്. റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും അദ്ദേഹം പ്രതിഭ തെളിയിച്ചു.

ജിഎസ്എല്‍വി മാര്‍ക്-3 റോക്കറ്റാണ് ഇന്ത്യ ആദ്യമായി മനുഷ്യ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് ഉപയോഗിക്കുന്നത്. 2003ലാണ് അദ്ദേഹം മാര്‍ക്-3 പദ്ധതിയുടെ ഭാഗമായത്. 2014 ഡിസംബറിലെ ജിഎസ്എല്‍വി മാര്‍ക്-3 വികസന ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു.

ഐഎസ്ആര്‍ഒയുടെ ബഹിരാകാശ പദ്ധതിക്കായി ത്രോട്ടില്‍ ശേഷിയുള്ള എന്‍ജിനുകള്‍ വികസിപ്പിക്കുന്നതിലും സോമനാഥ് പങ്കാളിയാണ്. ചന്ദ്രയാന്‍ -2 ന്റെ വിക്രം ലാന്‍ഡറില്‍ ത്രോട്ടില്‍ അധിഷ്ഠിത എന്‍ന്‍ സാങ്കേതികവിദ്യ ഉണ്ടായിരുന്നു. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് ലാന്‍ഡറിന്റെ വേഗത കുറയ്ക്കുന്നതില്‍ ഇത് പ്രധാനമായിരുന്നു.

പുതിയ നിയമനം ഏറെ സന്തോഷകരമെന്നു പറഞ്ഞ ഡോ. എസ് സോമനാഥ് രാജ്യത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നു കൂട്ടിച്ചേർത്തു. റോക്കറ്റ്- ഉപഗ്രഹ നിർമാണം, ബഹിരാകാശത്തേക്ക് ആളെ കൊണ്ടുപോകൽ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇന്ത്യയിലുമുണ്ടാവേണ്ടതുണ്ട്. ബഹിരാകാശമേഖലകളിൽ പുതിയ സ്റ്റാർട്ട് അപ്പുകളും സ്വകാര്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള പുതിയ ആളുകൾ കടന്നുവരേണ്ടതുണ്ടെന്നാണ് സർക്കാർ പറയുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി ഈ മേഖലയെ വളർത്തിക്കൊണ്ടുവരണമെന്നുള്ളതാണ് വലിയ ഉത്തരവാദിത്തവും ലക്ഷ്യവും. മാറ്റങ്ങൾ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും പുതിയ തലമുറയ്ക്കുവേണ്ടിയുള്ള കാഴ്ചപ്പാടുകളുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിൽനിന്നു പ്രീഡിഗ്രി പാസായ സോമനാഥ് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍നിന്ന് ബിടെക് നേടി. തുടർന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

കെ രാധാകൃഷ്ണനാണ് ഇതിനു മുന്‍പ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പദവിയിലെത്തിയ മലയാളി. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍ എന്നീ മലയാളികളും ഇതേ പദവി അലങ്കരിച്ചു.

ഐഎസ്ആർഒ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പെട്ടതു കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാനും നാടിന്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: S somanath appointed as new chairman of isro