ഹൈദരാബാദ്: സിപിഎം നേതൃത്വത്തിലെ ഭിന്നത രാഷ്ട്രീയ നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ചതോടെ കഴിഞ്ഞെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിളള. തിരഞ്ഞെടുപ്പ് കാലത്തെ തന്ത്രം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്നും ഏതെങ്കിലും പക്ഷത്തിന്റെ വിജയമെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും എസ്.രാമചന്ദ്രൻ പിളള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയ സമീപനത്തിൽ രണ്ടഭിപ്രായം പാർട്ടിയിൽ ഉണ്ടായിരുന്നു. ഇത് പരിഹരിച്ച് യോജിപ്പോടെ മുന്നോട്ടു പോകുവാനുളള നിർദേശമാണ് പാർട്ടി കോൺഗ്രസ് നൽകിയത്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുമായുളള നീക്കുപോക്കിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. അത് തിരഞ്ഞെടുപ്പ് കാലത്താണ് ചർച്ച ചെയ്യേണ്ടത്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന രാഷ്ട്രീയ നയം അംഗീകരിച്ചിട്ടുണ്ട്.

സഹപ്രവർത്തകരുടെ ആവശ്യം അംഗീകരിച്ചാണ് പിബിയിൽ തുടരാൻ തീരുമാനിച്ചത്. ഒരു പക്ഷത്തിന്റെ വിജയം എന്നത് മാധ്യമങ്ങൾ ഭാവനയിൽ തീർക്കുന്ന കഥകൾ മാത്രമാണെന്നും എസ്.രാമചന്ദ്രൻ പിളള പറഞ്ഞു.

ഹൈദരാബാദിൽ ഇന്നലെ സമാപിച്ച സിപിഎം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. 95 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പിബിയെയും തിരഞ്ഞെടുത്തു. കേരളത്തിൽനിന്നുള്ള എം.വി.ഗോവിന്ദനും കെ. രാധാകൃഷ്ണനുമടക്കം 19 പുതുമുഖങ്ങൾ കേന്ദ്രകമ്മിറ്റിയിൽ കടന്നുവന്നു. വി.എസ്.അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിലനിർത്തി.

കേരളത്തിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പിബിയിൽ തുടരും. 80 വയസ് പിന്നിട്ടവരെ ഘടകങ്ങളിൽനിന്ന് ഒഴിവാക്കാനുളള തീരുമാനം എസ്.രാമചന്ദ്രൻ പിളളയുടെ കാര്യത്തിൽ തിരുത്തി. മാറിനിൽക്കാനുളള സന്നദ്ധത എസ്ആർപി വ്യക്തമാക്കിയെങ്കിലും അദ്ദേഹം തുടരണമെന്ന കൂട്ടായ ആവശ്യം പിബിയിലുയരുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ