ന്യൂഡൽഹി: പൗരത്വ ഭേദഗഗതി നിയമത്തിനെതിരായ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഒരു രാജ്യവും പറയില്ലെന്നും കൂട്ടിച്ചേർത്തു.

“പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യമില്ലാത്ത ആളുകളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമം. അത് അഭിനന്ദനാർഹമായ കാര്യമാണ്. നമുക്ക് ഒരു വലിയ പ്രശ്നമില്ലാത്ത തരത്തിലാണ് ഇത് ചെയ്തതും,” ഇടി ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ പങ്കെടുത്തുകൊണ്ട് ജയ്ശങ്കർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയതോടെ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധിസ്റ്റ്, ജെയ്ൻ വിഭാഗത്തിൽപ്പെട്ട പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുള്ളവർക്ക് ഇന്ത്യൻ പൗരത്വ നേടുന്നതിനുള്ള പരിധി 2014 ഡിസംബർ 31 ആക്കിയിരുന്നു. ഇതിൽ നിന്നും മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് രാജ്യത്ത് വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്.പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ കൊണ്ടുവന്നതിനുശേഷം രാജ്യത്തുടനീളം വൻ പ്രതിഷേധം നടന്നിരുന്നു. മുസ്‌ലിമുകളോട് വിവേചനം കാണിക്കുന്നതിനാണ് നിയമം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഇന്ത്യൻ ഭരണഘടനയുടെ മതേതര തത്വങ്ങൾ ലംഘിക്കുന്നതാണെന്നുമാണ് വിമർശകർ പറയുന്നത്.

നിയമത്തിനെതിരായ പ്രതിഷേധിച്ചവരും അനുകൂലിച്ചവരും ദിവസങ്ങൾക്ക് മുമ്പ് തലസ്ഥാന നഗരിയിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേർക്കാണ് ജിവൻ നഷ്ടമായത്. അതേസമയം കലാപം കെട്ടടങ്ങിയെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം ശക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook