ന്യൂഡൽഹി: അതിർത്തിയിലെ പ്രശ്നങ്ങൾ​ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നും പാക്കിസ്ഥാന്റെ മുൻകാല നടപടികൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ.

നാലാമത് രാംനാഥ് ഗോയങ്ക അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കവെ, ഇന്ത്യയുടെ കഴിഞ്ഞ 70 വര്‍ഷത്തെ വിദേശനയങ്ങളെ കുറിച്ചും പാക്കിസ്ഥാനും ചൈനയുമായുള്ള ഇടപാടുകളെ കുറിച്ചും അമേരിക്കയുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയ്ശങ്കര്‍, മന്ത്രിയായതിനു ശേഷം ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്.

Read More: ഭീകരവാദം പാക്കിസ്ഥാന്റെ ഡിഎൻഎയിൽ തന്നെയുണ്ട്: യുനെസ്കോയിൽ ഇന്ത്യ

പാക്കിസ്ഥാന്റെ ഉദ്ദേശങ്ങളെ ശരിയായ രീതിയിൽ വായിക്കാൻ സാധിക്കാത്തത് അനുഭവ സമ്പത്തിന്റെ അഭാവം മൂലമാകാമെന്ന് ജയ്ശങ്കർ പറഞ്ഞു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷവും അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻതൂക്കം നൽകാത്തതും അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങളെ പ്രാധാന്യത്തോടെ കാണാത്തതും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1962ലെ യുദ്ധത്തെ ഒരു ഇരുണ്ട അധ്യായം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നമ്മുടെ എതിരാളികൾ പ്രകടിപ്പിച്ച ദൗത്യബോധത്തോടെ ഞങ്ങൾ സുരക്ഷാ സാഹചര്യങ്ങൾക്ക് അപൂർവ്വമായേ മുൻതൂക്കം നൽകിയുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook