ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്കു പുതിയ ജഡ്ജിമാരെ ശിപാര്‍ശ ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനു ചീഫ് എസ് എ ബോബ്ഡെ ഇന്ന് കൊളീജിയം വിളി്ച്ചിരിക്കെ എതിര്‍പ്പ് അറിയിച്ച് രണ്ടു ജഡ്ജിമാര്‍. അടുത്ത ചീഫ് ജസ്റ്റിസിന്റെ നിയമനത്തിനു രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ നിലവിലെ സിജെഐ ഏതെങ്കിലും ശിപാര്‍ശകള്‍ നല്‍കുന്നത് ഉചിതമല്ലെന്നാണ് എതിര്‍പ്പ് ഉയര്‍ത്തിയ ജഡ്ജിമാരുടെ വാദം.
അടുത്ത ചീഫ ജസ്റ്റിസായി ഏറ്റവും മുതിര്‍ന്ന ജഡ്ജി എന്‍വി രമണയെ നിയമിച്ച് ആറിനാണു രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എ ബോബ്ഡെ വിരമിച്ച് ഒരു ദിവസം കഴിഞ്ഞ്, 24ന് ജസ്റ്റിസ് രമണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പാണ് കൊളീജിയം ചേരാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടു ജഡ്ജിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചശേഷവും തീരുമാനം മാറ്റാന്‍ ബോബ്ഡെ തയാറായില്ലെന്നാണ് അറിയുന്നത്.
അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്നതാണു ജഡ്ജിമാരെ ശിപാര്‍ശ ചെയ്യുന്ന സുപ്രീംകോടതിയില്‍ കൊളീജിയം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയെക്കൂടാതെ നിയുക്ത ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ റോഹിന്റണ്‍ നരിമാന്, യുയു ലളിത്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരും കൊളീജിയത്തില്‍ ഉള്‍പ്പെടുന്നു.
”വിരമിക്കുന്ന ചീഫ് ജസ്റ്റിസിന്, തന്റെ കാലാവധി അവസാനിക്കുമ്പോള്‍ ശിപാര്‍ശകള്‍ നല്കാന് കഴിയില്ലെന്ന ഒരു കീഴ്വഴക്കവും ഇല്ല. പക്ഷേ ഇതെല്ലാം അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ എങ്ങനെ വിശ്വാസത്തിലേക്കു നയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു,” മുന്‍ ചീഫ് ജസ്്റ്റിസ് ആര്‍എം ലോധ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ചുരുങ്ങിയത് ആറ് ജഡ്ജിമാരെ സുപ്രീം കോടതിയില്‍ നിയമിക്കാനുള്ള നടപടികള്‍ നടക്കാനിരിക്കെ, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അകില് കുറേശിയെ ശിപാര്‍ശ ചെയ്യുന്നതിലെ നീണ്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ചിരിക്കുന്നത്.
Also Read: കോവിഡ്-19: പഞ്ചാബിലെ എല്ലാ ജില്ലകളിലും രാത്രി കർഫ്യൂ; വാക്സിൻ ക്ഷാമമെന്ന് മഹാരാഷ്ട്ര സർക്കാർ
കൊളീജിയത്തിലെ പ്രതിസന്ധി കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്ന ഉള്‍പ്പെടെയുള്ളവരുടെ സാധ്യതകളെക്കുറിച്ചുള്ള
ചര്‍ച്ചകളും തടഞ്ഞിരുന്നു. നിയമനം ലഭിച്ചാല്‍ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകാം നാഗരത്ന.
സര്‍ക്കാരില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവരുമെന്നതിനാല്‍ ജസ്റ്റിസ് അകില് കുറേശിയെ നാമനിര്‍ദേശം ചെയ്യുന്ന കാര്യത്തില്‍ കൊളീജിയത്തിലെ ചില അംഗങ്ങള്‍ തീരുമാനം എടുക്കാത്ത സ്ഥിതിയിലാണെന്നാണു ചില വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം, പന്ത് നിര്‍ബന്ധമായും സര്‍ക്കാരിന്റെ കോര്ട്ടിലിടണമെന്ന നിലപാടിലാണു മറ്റ് അംഗങ്ങള്‍. ജസ്റ്റിസ് അകില് കുറേശിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചപ്പോള്‍ ഇത്തരത്തില്‍ സര്‍ക്കാരില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.
ജസ്റ്റിസ് കുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനായിരുന്നു സുപ്രീം കോടതി കൊളീജിയത്തിന്റെ ആദ്യ ശിപാര്‍ശ. ഇതിനോട് കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍, 2019ല്‍ ത്രിപുര ചീഫ് ജസ്റ്റിസായി നിയമിക്കുകയായിരുന്നു.
സുപ്രീം കോടതിയില്‍ നിലവില്‍ അഞ്ച് ജഡ്ജിമാരുടെ കുറവുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച്, ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ തന്റെ 14 മാസത്തെ കാലയളവില്‍ സര്‍ക്കാരിനോട് ശിപാര്‍ശകളൊന്നും നല്‍കിയിട്ടില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്, റോഹിന്റണ്‍ നരിമാന്, നവിന് സിന്‍ഹ എന്നിവരും ഈ വര്‍ഷം വിരമിക്കും. 2019 സെപ്റ്റംബറിലാണ് സുപ്രീം കോടതിയില്‍ അവസാനായി ജഡ്ജി നിയമനം നടന്നത്.