ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കോടതി മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൗമാരക്കാരനെ സോനയിലെ വീട്ടില്‍ നിന്നും സിബിഐ പിടികൂടിയതിന് പിന്നാലെയാണ് ഗുഡ്ഗാവ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
നേരത്തെ പീഡനത്തിന് ഇരയാക്കിയ ശേഷം സ്കൂൾ ബസ് ഡ്രൈവർ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെതിരെ മരിച്ച കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചു. കേസ് വഴിതിരിച്ചുവിടാൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹം കോടതിയെ സമീപിച്ചത്.കോടതി വിധിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പരീക്ഷയും രക്ഷിതാക്കളുടെ യോഗവും മാറ്റി വെയ്ക്കാന്‍ വേണ്ടിയാണ് പതിനൊന്നാം ക്ലാസുകാരന് കുറ്റം ചെയ്തതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
സെപ്റ്റംബര്‍ എട്ടിനാണ് റയാന് സ്കൂളിലെ ശുചിമുറിയില്‍ പ്രഥ്യുമന്‍ ഠാക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകിയെ തൂക്കിലേറ്റണമെന്ന് പ്രഥ്യുമന്റെ കുടുംബവും അഭിഭാഷകനും ആവശ്യപ്പെട്ടു. കോടതിയെ ഇത് അറിയിക്കുമെന്നും അഭിഭാഷകന് സുശീല്‍ തേക്രിവാള് അറിയിച്ചു.
അതേസമയം, പിടിയിലായ വിദ്യാർഥിയുടെ അച്ഛൻ മകൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. എഎൻഐയോടാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. “എന്റെ മകൻ കുറ്റം ചെയ്തിട്ടില്ല. തോട്ടക്കാരെയും അധ്യാപകരെയും പ്രഥ്യുമൻ ഠാക്കൂർ മുറിവേറ്റ് കിടക്കുന്ന വിവരം അറിയിക്കുകയാണ് അവൻ ചെയ്തത്”, അദ്ദേഹം പറഞ്ഞു.