മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന് 2036 വരെ അധികാര സ്ഥാനത്ത് തുടരാൻ അനുമതി നൽകുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യൻ വോട്ടർമാർ അംഗീകാരം നൽകി. രാജ്യത്തിന്റെ വോട്ടെടുപ്പ് അവസാനിക്കുകയും 30 ശതമാനം കണക്കാക്കുകയും ചെയ്തപ്പോൾ 74% പേർ ഭരണഘടനാ ഭേദഗതികൾക്കായി വോട്ട് ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി, റഷ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പ്രതിപക്ഷത്ത് ഏകോപനമില്ലാത്തതും പ്രചാരണത്തിലെ പാളിച്ചകളും പുതിന് വിജയം എളുപ്പമാക്കി.
Read More: ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക
മോസ്കോയിലും പടിഞ്ഞാറൻ റഷ്യയുടെ മറ്റു ഭാഗങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുമ്പോഴേക്കും മൊത്തം പോളിംഗ് 65% ആയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില പ്രദേശങ്ങളിൽ 90 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
റഷ്യയുടെ കിഴക്കേ അറ്റത്തുള്ള ചുക്കി പെനിൻസുലയിൽ 80 ശതമാനം വോട്ടർമാരും ഭേദഗതികളെ പിന്തുണച്ചതോടെ വളരെ പെട്ടെന്നു തന്നെ പ്രാഥമിക ഫലങ്ങൾ പ്രഖ്യാപിച്ചു, വിദൂര കിഴക്കൻ പ്രദേശങ്ങളിൽ 70 ശതമാനം വോട്ടർമാരും ഈ മാറ്റങ്ങളെ പിന്തുണച്ചതായി അവർ പറഞ്ഞു.
ക്രെംലിൻ വിമർശകരും സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകരും പോളിംഗ് കണക്കുകളെ ചോദ്യം ചെയ്തു. വോട്ടെടുപ്പിൽ അപാകതകളുണ്ടെന്നും കൃത്രിമത്വം നടന്നിട്ടുണ്ടെന്നും സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷണ ഗ്രൂപ്പായ ഗോലോസിന്റെ സഹ ചെയർ ഗ്രിഗറി മെൽകോണിയന്റ്സ്, അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റാണ് പുടിൻ. സോവിയറ്റ് ഏകാധിപതി ജോസെഫ് സ്റ്റാലിനു ശേഷമുള്ള മറ്റേതൊരു ക്രെംലിൻ നേതാവിനേക്കാളും കൂടുതലാണ് ഈ കാലയളവ്. 2024 ൽ വീണ്ടും മത്സരിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് പുടിൻ പറഞ്ഞിരുന്നു. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.
ഓരോ ദിവസവും റഷ്യയിൽ ആയിരക്കണക്കിന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇത്രയധികം വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത്, വോട്ട് പിടിക്കാനുള്ള പുടിന്റെ ശ്രമം അദ്ദേഹത്തിന്റെ സാധ്യതകളെ പ്രതിഫലിപ്പിക്കുന്നുവെന്ന് മുൻ ക്രെംലിൻ പൊളിറ്റിക്കൽ കൺസൾട്ടന്റായ അനലിസ്റ്റ് ഗ്ലെബ് പാവ്ലോവ്സ്കി പറഞ്ഞു.
ജനുവരിയിലാണ് ഭരണഘടനാമാറ്റത്തിനുള്ള വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഏപ്രില്‍ 22-നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍, വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. നിര്‍ദിഷ്ട ഭരണഘടനാമാറ്റങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. പുടിന് ഒപ്പുവെക്കുകയുംചെയ്തു. ജനങ്ങളുടെ അംഗീകാരത്തിനായി വീണ്ടും വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും ജനം തീരുമാനിക്കട്ടേയെന്ന് പുടിന് തന്നെയാണ് നിര്‍ദേശിച്ചത്.
Read More in English: Russian voters agree to let Putin seek 2 more terms