കീവ്: റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പോളണ്ടിന്റെ കിഴക്കന്‍ മേഖലയായ പ്രസെവോഡോയില്‍ പതിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഉക്രൈൻ അധിനിവേശത്തിനുശേഷം ഒരു നാറ്റോ രാജ്യത്തിന് നേരെ റഷ്യന്‍ ആയുധങ്ങള്‍ പതിക്കുന്നത് ആദ്യമായാണ്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പോളണ്ട് അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതായി പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി പറഞ്ഞു. യുദ്ധത്തിന്റെ വളരെ പ്രധാനപ്പെട്ട വ്യാപനമെന്ന് സംഭവത്തെ അപലപിച്ച് ഉക്രൈൻ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചു.
മിസൈല്‍ റഷ്യയില്‍ നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞതായി പോളണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്നോ എവിടെയാണ് നിര്‍മ്മിച്ചതെന്നോ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയില്ലെന്ന് പ്രസിഡന്റ് ആന്ദ്രേയ് ദൂദ പറഞ്ഞു.
റഷ്യന്‍ മിസൈലുകള്‍ പോളണ്ടില്‍ പതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. അതേസമയം, പോളണ്ടിലെ ഉക്രൈനേനിയൻ അതിര്‍ത്തിക്ക് സമീപമുള്ള ആക്രമണം ചര്‍ച്ച ചെയ്യാന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് സഖ്യത്തിന്റെ പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു. ഉക്രൈന്റെ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമമായ പ്രസെവോഡോവില്‍ ധാന്യം ഉണക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നതെന്ന് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.