മോസ്‌കോ/കീവ്: യുക്രൈന്‍ നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ നഗരങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കുറഞ്ഞത് 10 പേര്‍ മരിച്ചതായും 60 പേര്‍ക്കു പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയോട് കൂട്ടിച്ചേര്‍ത്ത ക്രിമിയന്‍ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം ഞായറാഴ്ച നടന്ന ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇത് യുക്രൈന്‍ നടത്തിയതാണെന്ന് ആരോപിച്ചാണ് ഇന്നത്തെ റഷ്യന്‍ ആക്രമണം. റഷ്യയ്ക്കെതിരെ യുക്രൈന്‍ ‘ഭീകരപ്രവര്‍ത്തനങ്ങള്‍’ നടത്തിയതായും തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു.
പാലത്തിനു നേരെ നടന്നതു തീവ്രവാദി ആക്രമണമെന്നാണു പുടിന്‍ ആരോപിച്ചിരിക്കുന്നത്. ”ഒരു സംശയവുമില്ല. നിര്‍ണായക പ്രാധാന്യമുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനമാണിത്, ”പുടിന്‍ ഞായറാഴ്ച ക്രെംലിന്‍ ടെലിഗ്രാം ചാനലിലെ വീഡിയോയില്‍ പറഞ്ഞു.
യുക്രൈന്റെ ഊര്‍ജ, സൈനിക, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കെതിരെ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി ടെലിവിഷന്‍ പരാമര്‍ശങ്ങളില്‍ പുടിന്‍ പറഞ്ഞു.
കീവ് ഉള്‍പ്പെടെയുള്ള യുക്രൈന്‍ നഗരങ്ങള്‍ക്കു നേരെ മാരകമായ ആക്രമണമാണ് ഇന്നു റഷ്യ അഴിച്ചുവിട്ടത്. നിരവധി സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. മിസൈല്‍ ആക്രമണത്തില്‍ ‘എല്ലാ നിര്‍ദിഷ്ട ലക്ഷ്യങ്ങളും’ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകള്‍ക്കുശേഷം യുക്രൈനെതിരായ റഷ്യയുടെ ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്ന് ഇന്നത്തേത്.
എട്ട് മേഖലകളില്‍ തിരക്കേറിയ സമയത്ത് നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദം ആരോപിച്ച് ആളുകളെ കൊല്ലാന്‍ റഷ്യ ബോധപൂര്‍വം നടത്തിയതാണെന്നു യുക്രൈന്‍ കുറ്റപ്പെടുത്തി. കീവിന്റെ മധ്യഭാഗത്തും മറ്റു നിരവധി യുക്രൈന്‍ നഗരങ്ങളിലുമുണ്ടായ ആക്രമണം വ്യക്തമാക്കുന്നതു യുക്രൈനെ ഭൂമിയില്‍നിന്ന് തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണു റഷ്യയെന്നാണെന്നു പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
റഷ്യ നടത്തിയ മാരകാക്രമണങ്ങളില്‍ അയല്‍രാജ്യമായ ബെലാറസില്‍നിന്ന് ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചതായി യുക്രൈന്‍ ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ആശങ്ക രേഖപ്പെടുത്തി.
അതിനിടെ, യുക്രൈനിലെ പ്രവര്‍ത്തനം സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി വക്താവ്‌റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുക്രൈനിലുടനീളം റഷ്യ മിസൈല്‍ വര്‍ഷം നടത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. സുരക്ഷിതമായി പുനരാരംഭിക്കുന്നതുവരെ അവിടെയുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സില്‍ അറിയിച്ചു.