scorecardresearch
Latest News

Russia-Ukraine War News: റഷ്യൻ സൈന്യം പിൻവാങ്ങുകയല്ല, വീണ്ടും സംഘടിക്കുകയാണെന്ന് നാറ്റോ

ഇസ്താംബൂളിലെ സമാധാന ചർച്ചകളിൽ റഷ്യയെ വിശ്വസിക്കമെന്ന് സഖ്യത്തിന് ഇനിയും ബോധ്യപ്പെട്ടിട്ടില്ലെന്നും നാറ്റോ

Russia-Ukraine War News: റഷ്യൻ സൈന്യം പിൻവാങ്ങുകയല്ല, വീണ്ടും സംഘടിക്കുകയാണെന്ന് നാറ്റോ

Russia-Ukraine War News: കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടന്നിട്ടും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നു. റഷ്യ-യുക്രൈൻ യുദ്ധം സംബന്ധിച്ച് ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ അറിയാം.

1-റഷ്യൻ സൈന്യം പിൻവാങ്ങുകയല്ല, വീണ്ടും സംഘടിക്കുകയാണെന്ന് നാറ്റോ

യുക്രൈനിലെ റഷ്യൻ സൈന്യം പിൻവാങ്ങുകയല്ല, വീണ്ടും സംഘടിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. കീവിനു ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള മോസ്കോയുടെ പ്രഖ്യാപനങ്ങളെക്കുറിച്ചായിരുന്നു നാറ്റോ ജനറൽ സെക്രട്ടറിയുടെ പരാമർശം. യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള മോസ്കോയുടെ സൈനിക ലക്ഷ്യം മാറിയിട്ടില്ലാത്തതിനാൽ ഇസ്താംബൂളിലെ സമാധാന ചർച്ചകളിൽ റഷ്യയെ വിശ്വസിക്കമെന്ന് സഖ്യത്തിന് ഇനിയും ബോധ്യപ്പെട്ടിട്ടില്ലെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

2-മരിയോപോളിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി സെലെൻസ്‌കി

റഷ്യൻ സൈന്യം ഉപരോധിക്കാൻ തുടങ്ങിയതിനുശേഷം മരിയോപോളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. “അവിടെ ഒരു മാനുഷിക ദുരന്തമുണ്ടെന്ന് എല്ലാവർക്കും അറിയാം,” സെലെൻസ്‌കി വീഡിയോ സന്ദേശം വഴി ബെൽജിയൻ നിയമനിർമ്മാതാക്കളോട് പറഞ്ഞു.

3-ഉപരോധ പട്ടിക വിപുലീകരിച്ച് ബ്രിട്ടൻ

യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ തുടർന്നുള്ള ഉപരോധ പട്ടികയിൽ മാധ്യമ സ്ഥാപനങ്ങളും അവരിലെ മുതിർന്ന വ്യക്തികളും ഉൾപ്പെടെ 14 കൂട്ടിച്ചേർക്കലുകൾ നടത്തിയതായി ബ്രിട്ടീഷ് സർക്കാർ വ്യാഴാഴ്ച അറിയിച്ചു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുള്ള ശിക്ഷയായി റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കെതിരെ പാശ്ചാത്യ സഖ്യകക്ഷികളുമായി ചേർന്ന് ബ്രിട്ടൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഷിപ്പിംഗ്, പ്രതിരോധം തുടങ്ങിയ വ്യവസായങ്ങളിൽ ഉൾപ്പെടെ 1,000-ത്തിലധികം വ്യക്തികൾക്കും ബിസിനസ്സുകൾക്കും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അടുപ്പമുള്ള സമ്പന്നരായ വരേണ്യർക്കും എതിരെ ബ്രിട്ടൺ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചവരിൽ റഷ്യൻ മാധ്യസ്ഥാപനം ആർടിയുടെ മാനേജിംഗ് ഡയറക്ടർ അലക്സി നിക്കോളോവ്, സർക്കാർ ഉടമസ്ഥതയിലുള്ള റോസിയ ടെലിവിഷൻ, റേഡിയോ നെറ്റ്‌വർക്കിലെ പ്രമുഖ വാർത്താ അവതാരകൻ സെർജി ബ്രിലേവ്, സ്പുട്‌നിക്കിന്റെ എഡിറ്റർ ഇൻ ചീഫ് ആന്റൺ അനിസിമോവ് എന്നിവരുൾപ്പെടെ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന വ്യക്തികളും ഉൾപ്പെടുന്നു.

4-രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ റഷ്യ തകർത്തുവെന്ന് യുക്രൈന്‍

യുക്രൈനിന്റെ എല്ലാ പ്രതിരോധ വ്യവസായങ്ങളേയും റഷ്യ പ്രായോഗികമായി തകര്‍ത്തെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ ഉപദേഷ്ടാവ് അറിയിച്ചു. കീവിലെ പിന്‍വലിഞ്ഞതിന് ശേഷം റഷ്യ കിഴക്കന്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് സൂചന. അതിനാല്‍ തന്നെ പ്രതിരോധ നടപടികളിലേക്ക് കടന്നതായി സെലെന്‍സ്കി അറിയിച്ചു.

5-റഷ്യൻ സേനയുടെ പ്രകടനത്തെ കുറിച്ച് പുടിൻ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന് യുഎസ്

യുക്രൈനിലെ തന്റെ സൈനികരുടെ മോശം പ്രകടനത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അദ്ദേഹത്തിന്റെ ഉപദേശകർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ.

“റഷ്യൻ സൈന്യം എത്ര മോശം പ്രകടനമാണ് നടത്തുന്നതെന്നും ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചെന്നും പുടിന്റെ ഉപദേശകർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കാരണം മുതിർന്ന ഉപദേഷ്ടാക്കൾ അദ്ദേഹത്തോട് സത്യം പറയാൻ വളരെ ഭയപ്പെടുന്നു,” വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിംഗ്ഫീൽഡ് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, തലസ്ഥാനമായ കീവിന് സമീപം തിരിച്ചടി നേരിട്ട റഷ്യ രാജ്യത്തിന്റെ കിഴക്ക് പുതിയ സൈനിക വിന്യാസം നടത്തുന്നതിനാൽ യുക്രൈൻ ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യാഴാഴ്ച പറഞ്ഞു.

യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കാനുള്ള തങ്ങളുടെ ആവശ്യങ്ങൾ യുക്രൈൻ രേഖാമൂലം ഉന്നയിച്ചിട്ടുണ്ടെന്ന വസ്തുതയെ ക്രെമിലിൻ സ്വാഗതം ചെയ്തു, എന്നാൽ ഇതുവരെ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

റഷ്യ വഴിത്തിരിവുണ്ടാകുന്ന ഒന്നും തന്നെ ചർച്ചയിൽ കണ്ടിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നും ക്രെമിലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച തുർക്കിയിൽ ആരംഭിച്ച സമാധാന ചർച്ചയിലാണ് യുക്രൈൻ തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്.

6-സാധാരണക്കാര്‍ക്ക് നേരെയുള്ള റഷ്യന്‍ ആക്രമണങ്ങള്‍ യുക്രൈനിലെ ദൈനംദിന ജീവതം ഇല്ലാതാക്കി

റഷ്യയുടെ അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളില്‍ യുക്രൈനില്‍ സാധാരണക്കാരുടെ 1,500 കെട്ടിടങ്ങളും വാഹനങ്ങളും നശിക്കപ്പെട്ടതായാണ് വിവരം. 1,189 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ കുറഞ്ഞത് 108 കുട്ടികള്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷണറുടെ കണക്കുകള്‍ പ്രകാരമാണ് വിവരങ്ങള്‍.

ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെയുള്ള കാലയളവില്‍ നശിക്കപ്പെട്ടവയില്‍ 23 ആശുപത്രികള്‍, 330 സ്കൂളുകൾ, 27 സാംസ്കാരിക കെട്ടിടങ്ങൾ, 98 വാണിജ്യ കെട്ടിടങ്ങൾ, കൂടാതെ 900 വീടുകളും അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. ന്യൂ യോര്‍ക്ക് ടൈംസ് തിട്ടപ്പെടുത്തിയ വിവരങ്ങളാണിവ.

7-റഷ്യ-യുക്രൈന്‍ ചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും

യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ച വെള്ളിയാഴ്ച പുനരാരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയായിരിക്കും ചര്‍ച്ചകളെന്ന് യുക്രൈന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ ഡേവിഡ് അരാഖാമിയ അറിയിച്ചു.

വീഡിയോ മുഖേന നടന്ന രണ്ടാഴ്ചത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച ഇസ്താംബൂളിൽ പ്രതിനിധികൾ നേരിട്ട് കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. സമാധാന ഉടമ്പടിയുടെ സാധ്യതകള്‍ മങ്ങിയത് വീണ്ടും സജീവമായതായാണ് സൂചനകള്‍

8-യുക്രൈന് 500 മില്യൺ ഡോളറിന്റെ അധിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക

റഷ്യൻ അധിനിവേശം രൂക്ഷമായതോടെ യുക്രൈന് 500 മില്യൺ ഡോളർ അധിക സഹായമായി വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ അധിക സഹായമെത്തികുമെന്ന് പറഞ്ഞു.

വൈറ്റ് ഹൗസ് പറയുന്നതനുസരിച്ച്, യുക്രൈന് ഇതിനകം നൽകിയ സുരക്ഷാ സഹായങ്ങളും യുദ്ധത്തിൽ ആയുധങ്ങൾ ചെലുത്തിയ പ്രത്യാഘാതങ്ങളും ഇരുവരും അവലോകനം ചെയ്തു. യുക്രൈന് സൈനിക വിമാനങ്ങൾ നൽകാൻ ബൈഡൻ ഭരണകൂടത്തിലും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളിലും സെലെസ്‌കി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.

9-യുക്രൈനിലെ റഷ്യൻ സൈനികർ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് യുകെ ഇന്റലിജൻസ് മേധാവി

യുക്രൈനിലെ റഷ്യൻ സൈനികർ ഉത്തരവുകൾ അംഗീകരിക്കുന്നില്ലെന്നും സ്വന്തം ആയുധങ്ങൾ നശിപ്പിക്കുയാണെന്നും യുകെയുടെ ഇന്റലിജൻസ് മേധാവി. സ്വന്തം വിമാനം പോലും അവർ വെടിവെച്ചിട്ടതായി അദ്ദേഹം പറഞ്ഞു.

ജിസിഎച്ച്‌ക്യു ഇലക്‌ട്രോണിക് ചാര ഏജൻസിയുടെ തലവനായ ജെറമി ഫ്ലെമിംഗ് ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ അധിനിവേശത്തെ തെറ്റായി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

10-യുക്രൈൻ ചെറുത്തുനിൽപ്പ് ‘വഴിത്തിരിവിൽ’: സെലെൻസ്കി

റഷ്യൻ അധിനിവേശത്തിനെതിരായ യുക്രൈന്റെ ചെറുത്തുനിൽപ്പ് വഴിത്തിരിവിലാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യൻ സേന ചിലയിടങ്ങളിൽ പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും അമേരിക്കയോട് കൂടുതൽ സഹായം ചെയ്യാനും സെലെൻസ്കി അഭ്യർത്ഥിച്ചു.

അതിനിടെ, കീവിന് സമീപപ്രദേശങ്ങളിലും ചെർണീവ് നഗരത്തിലും റഷ്യൻ സേന ബുധനാഴ്ച ബോംബാക്രമണം നടത്തി. ഇത് യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ല എന്ന സംശയങ്ങളെ വീണ്ടും ശക്തിപെടുത്തിയിട്ടുണ്ട്.

യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ നാളെ വീണ്ടും ആരംഭിക്കുമെന്ന് യുക്രൈൻ നേതൃത്വം അറിയിച്ചു. വീഡിയോ കോൺഫെറൻസിങിലൂടെയാകും ചർച്ച.

Also Read: Russia-Ukraine War News: യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ല: റഷ്യ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 31 updates