Russia-Ukraine War News: കീവ്: റഷ്യന്‍ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോളും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു. തുര്‍ക്കിയല്‍ വച്ച് നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് റഷ്യയുടെ വാദം. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ ബോംബാക്രമണം യുക്രൈന്‍ നഗരങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മൈകോളൈവിലെ റീജിയണൽ ആസ്ഥാനമന്ദിരത്തിന് നേരെയുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അതേസമയം, യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷവും കടന്നു. യുക്രൈന്‍-റഷ്യ ഏറ്റുമുട്ടലിലെ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ വായിക്കാം.
1. സമാധന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ല: റഷ്യ
യുക്രൈനുമായുള്ള സമാധന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്ന് റഷ്യ. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈന്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുള്ളതായി റഷ്യ സ്ഥിരീകരിച്ചു. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവാണ് ഇക്കാര്യം അറിയിച്ചത്. പുരോഗതി കൈവരിക്കുന്നതിനായി ഒരുപാട് മുന്നോട്ട് പോകേണ്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുര്‍ക്കിയിലാണ് നിലവില്‍ സമാധാനചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
2. യുക്രൈന്‍ നഗരങ്ങളില്‍ ബോംബാക്രമണം തുടര്‍ന്ന് റഷ്യ
കീവിനും ചേര്‍ണീവിനും നേരെയുള്ള ആക്രമണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിലെ വടക്കന്‍ നഗരങ്ങളില്‍ ബോംബാക്രമണം നടത്തി റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് റഷ്യയുടെ ബോംബാക്രമണം വര്‍ധിച്ചതെന്ന് ചേര്‍ണീവ് മേയര്‍ വ്ലാഡിസ്ലാവ് അസ്ട്രോഷെങ്കോ അറിയിച്ചു. ഏകദേശം ഒരു ലക്ഷത്തോളം സാധാരണക്കാരാണ് നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇനി ഒരാഴ്ചത്തേക്ക് കൂടിയുള്ള മരുന്നും ഭക്ഷണവും മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
3. യൂറോപ്യന്‍ തുറമുഖങ്ങള്‍ റഷ്യന്‍ കപ്പലുകള്‍ക്കായി തുറക്കരുതെന്ന് സെലെന്‍സ്കി
നോർവേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യൻ കപ്പലുകൾക്കായ് തുറമുഖങ്ങൾ തുറക്കരുതെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി നോര്‍വീജിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. റഷ്യ കഴിഞ്ഞാൽ യൂറോപ്പില്‍ തന്നെ വാതക വിതരണത്തില്‍ രണ്ടാമതുള്ള യുക്രൈനും നോർവേയും അടുത്ത ശൈത്യകാലത്തേക്ക് അഞ്ച് ബില്യൺ ക്യുബിക് മീറ്റർ ഗ്യാസ് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
4. മോദി സർക്കാരിനെ സ്വാധീനിക്കാൻ അമേരിക്കയും റഷ്യയും ഇന്ത്യയിലേക്ക്;
വെടിനിർത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും റഷ്യൻ അധിനിവേശത്തെ ഇതുവരെ അപലപിക്കാത്ത ഇന്ത്യയെ സ്വാധീനിക്കാൻ അമേരിക്കയും റഷ്യയും ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കുന്നു. അതേസമയം, കനത്ത നഷ്ടം നേരിട്ട റഷ്യൻ സേന പുനഃസംഘടിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമായി ബെലാറസിലേക്കും റഷ്യയിലേക്കും മടങ്ങാൻ നിർബന്ധിതരായതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു.
5. മൈക്കോളൈവിലെ റീജിയണൽ ആസ്ഥാനത്ത് റോക്കറ്റ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു
യുക്രൈനിലെ തുറമുഖ നഗരമായ മൈകോളൈവിലെ റീജിയണൽ ആസ്ഥാനമന്ദിരത്തിന് നേരെയുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി അധികൃതർ. 33 പേർക്ക് ആക്രമണത്തിന് പരുക്കേറ്റു.
6. യുക്രൈനികൾ അത്ര നിഷ്കളങ്കരല്ല; കീവിന് നേരെയുള്ള ആക്രമണം കുറയ്ക്കുമെന്ന് റഷ്യ പറഞ്ഞതിന് പിന്നാലെ സെലൻസ്കി
കീവിനും ചെർണീവിനും ചുറ്റുമുള്ള സൈനിക മുന്നേറ്റങ്ങൾ കുറയ്ക്കുമെന്ന റഷ്യയുടെ വാഗ്ദാനത്തോട് സംശയത്തോടെ പ്രതികരിച്ച് യുക്രൈൻ. റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ, തുർക്കിയിൽ വച്ച് നടന്ന സമാധാന ചർച്ചയിലാണ് റഷ്യയുടെ വാഗ്ദാനം.
“യുക്രൈനികൾ അത്ര നിഷ്കളങ്കരായ ആളുകളല്ല,” യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ചപറഞ്ഞു. “ഈ 34 ദിവസത്തെ അധിനിവേശത്തിനിടയിലും ഡോൺബാസിലെ കഴിഞ്ഞ എട്ട് വർഷത്തെ യുദ്ധത്തിലും യുക്രൈനികൾ പലതും പഠിച്ചു, അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം അതിന്റെ ഫലമാണ്.” അദ്ദേഹം പറഞ്ഞു.
അതേസമയം, “വടക്ക് നിന്ന് കിഴക്കൻ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളിലേക്ക് റഷ്യ തങ്ങളുടെ ആക്രമങ്ങൾ മാറ്റാനുള്ള സാധ്യതയുണ്ട്” എന്ന് ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം ഒരു ഇന്റലിജൻസ് അപ്‌ഡേറ്റിൽ പറഞ്ഞു.
7. യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ അമേരിക്ക ഇന്ത്യയിലേക്ക് അയക്കുന്നു
റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഉഭയകക്ഷി യോഗങ്ങൾക്കായി വ്യാഴാഴ്ച ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
റഷ്യക്കെതിരായ ഉപരോധം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ സിങ്, ഉപരോധത്തിന്റെ പ്രാധാന്യവും വ്യാപ്തിയും ഇന്ത്യയെ അറിയിക്കുമെന്ന് സൗത്ത് ബ്ലോക്ക് വൃത്തങ്ങൾ അറിയിച്ചു.
8. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശമായ ഭക്ഷ്യപ്രതിസന്ധിയാണ് യുക്രൈൻ യുദ്ധത്തിലുണ്ടാവുകയെന്ന് യുഎൻ ഭക്ഷ്യ മേധാവി
യുക്രൈൻ യുദ്ധം “ഒരു ദുരന്തത്തിന്റെ മുകളിൽ മറ്റൊരു ദുരന്തം” സൃഷ്ടിച്ചെന്ന് യുഎൻ ഭക്ഷ്യ മേധാവി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകത്തെ ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം യുക്രൈൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ ഭക്ഷ്യവിലകൾ കുതിച്ചുയരുകയാണെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി യുഎൻ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.
9. 40 ലക്ഷം കടന്ന് പലയാനം ചെയ്തവരുടെ എണ്ണം
റഷ്യയുടെ സൈനിക നീക്കത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം അനുദിനം ഉയരുന്നു. ഇതുവരെ 40 ലക്ഷം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. കൂടുതല്‍ പേരും പോളണ്ടിലാണ് അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് എത്തിയിട്ടുള്ള യുക്രൈന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 23 ലക്ഷം കവിഞ്ഞു.
10. യുക്രൈനിന്റെ ‘നിയോ-നാസി’ ഗ്രൂപ്പില്‍പ്പെട്ട 60 പേരെ തടങ്കലിലാക്കിയതായി റഷ്യ
യുക്രൈനിയന്‍ “നിയോ-നാസി” എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന 60 പേരെ കസ്റ്റഡിയിലെടുത്തതായും റഷ്യയിലുടനീളമുള്ള 23 പ്രദേശങ്ങളിൽ ആയുധങ്ങൾ പിടിച്ചെടുത്തതായും റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറിയിച്ചതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Also Read: Russia-Ukraine War News: സമാധാന ചർച്ചയിൽ വഴിത്തിരിവ്; യുക്രൈനിലെ സൈനിക നടപടി കുറയ്ക്കുമെന്ന് റഷ്യ