ട
Russia-Ukraine War News: കീവ്: റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന ചർച്ചകളിൽ പുരോഗതിയുള്ളതായി റിപ്പോർട്ടുകൾ വന്ന ദിവസമാണ് ഇന്ന്. തുർക്കിയിൽ വച്ച് ഇന്ന് റഷ്യ-യുക്രൈൻ സമാധാന ചർച്ച നടന്നു. യുക്രൈനിലെ കീവിലെയും ചെർണിഹിവിലെയും സൈനിക പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് ചർച്ചയ്ക്ക് ശേഷം റഷ്യൻ പ്രതിനിധി അറിയിക്കുകയും ചെയ്തു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ഇന്നത്തെ 10 പ്രധാന വാർത്തകൾ അറിയാം.
1- കീവിലെയും ചെർനിഹിവിലെയും സൈനിക പ്രവർത്തനങ്ങൾ വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി റഷ്യ
ഉക്രെയ്നിലെ കീവ്, ചെർനിഹിവ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള സൈനിക പ്രവർത്തനങ്ങൾ വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ റഷ്യ തീരുമാനിച്ചതായി റഷ്യൻ ഉപ പ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിൻ. ചൊവ്വാഴ്ച ഇസ്താംബൂളിൽ റഷ്യൻ, ഉക്രേനിയൻ ചർച്ചാ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് അലക്സാണ്ടർ ഫോമിൻ ഇക്കാര്യം പറഞ്ഞത്.
“പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ചർച്ചകൾക്ക് ആവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിനും ഒരു കരാർ അംഗീകരിക്കുന്നതിനും ഒപ്പിടുന്നതിനുമുള്ള ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന്, കീവ്, ചെർണിഹിവ് ദിശകളിലെ സൈനിക പ്രവർത്തനങ്ങൾ സമൂലമായി കുറയ്ക്കാൻ തീരുമാനമെടുത്തു. ,” ഫോമിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2- സമാധാന ചർച്ച അവസാനിച്ചതായി തുർക്കി
ചൊവ്വാഴ്ച ഇസ്താംബൂളിൽ നടന്ന റഷ്യ-യുക്രൈൻ ചർച്ചാ സംഘങ്ങൾ തമ്മിലുള്ള സമാധാന ചർച്ചകൾ അവസാനിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചർച്ച രണ്ടാം ദിവസം തുടരില്ലെന്ന് അവർ പറഞ്ഞു. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് റഷ്യൻ ചർച്ചയിലെ ഉന്നത നേതാവ് പറഞ്ഞു.
3- അബ്രമോവിച്ചിന് വിഷം നൽകിയെന്ന റിപ്പോർട്ട് തള്ളി റഷ്യ
റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ചിനെ വിഷം കഴിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ റഷ്യ ചൊവ്വാഴ്ച തള്ളിക്കളഞ്ഞു. അവ വാസ്തവവിരുദ്ധവും “വിവര യുദ്ധത്തിന്റെ” ഭാഗവുമാണെന്ന് റഷ്യ പറഞ്ഞു. തുർക്കിയിൽ ഉക്രെയ്നുമായി ചർച്ച നടത്തിയ റഷ്യൻ പ്രതിനിധി സംഘത്തിൽ അബ്രമോവിച്ച് ഔദ്യോഗിക അംഗമല്ലെന്നും എന്നാൽ അദ്ദേഹം അവിടെയുണ്ടായിരുന്നുവെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
4-ചർച്ചകളിലെ പുരോഗതി: ആഗോള തലത്തിൽ എണ്ണവിലയിൽ കുറവ്
റഷ്യയും ഉക്രെയ്നും തമ്മിലുള്ള ആഴ്ചകൾ നീണ്ട സംഘർഷം അവസാനിപ്പിക്കുന്നതായുള്ള സമാധാന ചർച്ചകളിലെ പുരോഗതിയെ തുടർന്ന് ചൊവ്വാഴ്ച അന്താരാഷ്ട്ര തലത്തിൽ എണ്ണ വില കുറഞ്ഞു.
ഗ്രീനിച്ച് സമയം ഉച്ചക്ക് 1.42ഓടെ ആയപ്പോഴേക്കും ബ്രെന്റ് ക്രൂഡ് വില 6.51 ഡോളർ അഥവാ 5.8 ശതമാനം കുറഞ്ഞ് ബാരലിന് 105.97 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 6.41 ഡോളർ കുറഞ്ഞ് 99.55 ഡോളറിലെത്തി.
5 – പടിഞ്ഞാറൻ യുക്രൈനിലെ ഇന്ധന സംഭരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം
പടിഞ്ഞാറൻ യുക്രൈനിലെ ഇന്ധന സംഭരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം മിസൈൽ ആക്രമണം ഉണ്ടായതായി റിവ്നെയുടെ റീജിയണൽ ഗവർണർ പറഞ്ഞു. ഇത് ഇവിടങ്ങളിലെ ഇന്ധനസംഭരണ കേന്ദ്രങ്ങൾക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണവും അടുത്തിടെയുണ്ടായ ഏറ്റവും പുതിയ ആക്രമണവുമാണ്. റഷ്യ വാർത്ത സ്ഥിരീകരിച്ചു.
6- മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ
തെക്കൻ നഗരമായ മൈക്കോളൈവിലെ പ്രാദേശിക സർക്കാർ ആസ്ഥാനത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതായി ഡാനിഷ് പാർലമെന്റിനോട് സംസാരിച്ച സെലെൻസ്‌കി പറഞ്ഞു.
7- യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ആശുപത്രി വിട്ടു
കഴിഞ്ഞ മാസം യുക്രെയിൻ തലസ്ഥാനമായ കീവിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ നിരവധി തവണ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ സൈനിക ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരൻ പ്രഭ്ജോത് ചൊവ്വാഴ്ച പറഞ്ഞു.
‘അവനെ (ഹർജോത്) ഇന്നലെ ഡിസ്ചാർജ് ചെയ്തു. അവൻ സുഖമായിരിക്കുന്നു, പക്ഷേ അവൻ ശരിയായി സുഖം പ്രാപിക്കാൻ സമയമെടുക്കും,’ പ്രഭ്ജോത് പറഞ്ഞു.
ഹർജോത്തിന്റെ ചികിത്സയ്ക്കായി കുടുംബം സർക്കാരിന്റെ സാമ്പത്തിക സഹായവും തേടിയിട്ടുണ്ട്. ‘ഞങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ല. എന്റെ സഹോദരന്റെ തുടർ ചികിത്സയിൽ ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,’ പ്രഭ്ജോത് പറഞ്ഞു.
8- കീവ് മേഖലയിലെ നഗരവും കിഴക്കൻ പട്ടണവും തിരിച്ചുപിടിച്ചതായി യുക്രൈൻ
അതിനിടെ, റഷ്യയിൽ നിന്ന് ഒരു കീവ് നഗരവും ഒരു കിഴക്കൻ പട്ടണവും തിരിച്ചുപിടിച്ചതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾ തുർക്കിയിൽ ഇന്ന് ആരംഭിക്കും.
ഇന്നലെ, തലസ്ഥാനമായ കീവ് വളയാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചതിന്റെ സൂചനകളൊന്നും കാണുന്നില്ലെന്ന് യുക്രൈനിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ഒലെക്‌സാണ്ടർ മൊട്ടുസ്യാനിക് പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യൻ സേനയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല, എന്നാൽ മരിയൂപോളിന്റെ പരിസരത്ത് റഷ്യ കൂടുതൽ സ്വാധീനം നേടിയതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു.
9- റഷ്യ യുക്രൈനിൽ കൂലിപടയാളികളെ വിന്യസിച്ചതായി യുകെ
മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു സ്വകാര്യ റഷ്യൻ സൈനിക ഗ്രൂപ്പിനെ കിഴക്കൻ യുക്രൈനിലേക്ക് വിന്യസിച്ചതായി ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ സേന വലിയ നാശനഷ്ടം നേരിട്ടതിന് ശേഷം യുക്രൈനിലേക്ക് 1,000 കൂലിപ്പടയാളികളെ കൊണ്ടുവരുന്നുണ്ടെന്ന് കരുതുന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജൻസ് പറഞ്ഞു.
10- പുടിന്റെ അധികാരരത്തെ കുറിച്ചുള്ള പരാമർശം ‘ധാർമ്മിക രോഷം’, യുഎസ് നയത്തിൽ മാറ്റമില്ലെന്ന് ബൈഡൻ
പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അധികാരത്തിൽ തുടരാനാവില്ലെന്ന വിവാദ പരാമർശത്തിന് ശേഷം താൻ “മാപ്പ് പറയില്ല” എന്നും “ഒന്നും തിരിച്ചെടുക്കുന്നില്ലെന്നും” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മോസ്കോയിൽ ഭരണമാറ്റത്തിന് താൻ ആവശ്യപ്പെടുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.
Also Read: Russia – Ukraine War News: കീവ് വളയാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചതിന്റെ സൂചനകളില്ലെന്ന് യുക്രൈൻ