scorecardresearch
Latest News

Russia – Ukraine War News: യുക്രൈൻ മന്ത്രിമാരെ സന്ദർശിച്ച് ബൈഡൻ; റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Russia – Ukraine War News: റഷ്യയുടെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ യുക്രൈനില്‍ നിന്ന് 37 ലക്ഷം പേരാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്

Russia – Ukraine War News: യുക്രൈൻ മന്ത്രിമാരെ സന്ദർശിച്ച് ബൈഡൻ; റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Russia – Ukraine War News: കീവ്: റഷ്യയുടെ യുക്രൈൻ അധിനിവേശം 30 ദിവസം പിന്നിട്ടു. അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇത് സംബന്ധിച്ച ഒരു ചർച്ചയ്ക്കായി യുക്രൈൻ മന്ത്രിമാരെ സന്ദർശിച്ചു. യുക്രൈന്‍-റഷ്യ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഇന്നത്തെ പത്ത് സുപ്രധാന സംഭവങ്ങള്‍ വായിക്കാം.

യുക്രൈൻ മന്ത്രിമാരുമായി ബൈഡൻ ചർച്ച നടത്തി

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈനിയൻ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി സെൻട്രൽ വാർസോയിലെ മാരിയറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ചർച്ചയാണിത്.

റഷ്യന്‍ ആക്രമണങ്ങളില്‍ 136 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് 31 ദിവസത്തിനുള്ളിൽ യുക്രൈനില്‍ 136 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു. ടെലിഗ്രാം സന്ദേശത്തിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ മാത്രം 64 കുട്ടികളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഡൊണെറ്റ്സ്ക് മേഖലയിൽ 50 കുട്ടികളും മരിച്ചിട്ടുണ്ട്. 199 കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

അതേസമയം, ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ള യുക്രൈനിലെ നഗരമേഖലകളില്‍ റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയേക്കുമെന്ന് ബ്രിട്ടണ്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. അധിനിവേശം ഒരുമാസം പിന്നിടുമ്പോഴും യുക്രൈനിലെ സുപ്രധാന നഗരങ്ങള്‍ കീഴടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല. ഖാർകിവ്, ചെർണീവ്, മരിയുപോൾ എന്നീ നഗരങ്ങള്‍ ഉപരോധത്തിലാണ്.

ചെർണോബിൽ തൊഴിലാളികൾ താമസിക്കുന്ന പട്ടണം റഷ്യൻ നിയന്ത്രണത്തിൽ

പ്രവർത്തനരഹിതമായ ചെർണോബിൽ ആണവനിലയത്തിലെ തൊഴിലാളികൾ താമസിക്കുന്ന സ്ലാവുട്ടിച്ച് പട്ടണത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി കൈവ് മേഖലയുടെ ഗവർണർ ഒലെക്‌സാണ്ടർ പാവ്‌ലിയുക്ക് ശനിയാഴ്ച പറഞ്ഞു.

അടുത്ത മരിയോപോൾ ആകുമോ എന്ന ആശങ്കയിൽ വടക്കൻ നഗരം

വടക്കൻ യുക്രൈനിലെ ചെർനിഹിവ് നഗരത്തിൽ റഷ്യൻ ആക്രമണത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ഷെല്ലുകളും ബോംബുകളും വർഷിക്കപ്പെടുന്ന നഗരത്തിൽ കുടിവെള്ളത്തിനും കുറഞ്ഞ ഭക്ഷണത്തിനുമായി ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കുകയോ അലഞ്ഞ് തിരിയുകയോ ചെയ്യുന്നതായി ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

റഷ്യ യുക്രൈൻ ആക്രമിച്ച് 31 ദിവസങ്ങൾക്കുള്ളിൽ മരിയുപോൾ എന്ന തെക്കൻ നഗരം തകർന്നത് പോലെ ഈ നഗരവും സമീപ ഭാവിയിൽ മാറുമോ എന്ന ആശങ്കയും ചെർനിഹിവിനെ കുറിച്ച് ഉയരുന്നുണ്ട്.

“രാത്രിയിൽ ബേസ്‌മെന്റുകളിൽ, എല്ലാവരും ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ചെർനിഹിവ് അടുത്ത മരിയുപോളായി മാറുന്നു,” ഭാഷാശാസ്ത്ര പണ്ഡിതനായ 38 കാരനായ ഇഹാർ കാസ്മെർചക് പറഞ്ഞു.

യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യ

യുക്രൈനില്‍ 1,351 റഷ്യൻ സൈനികർ മരിച്ചതായി റഷ്യൻ സൈനിക ജനറൽ സ്റ്റാഫിന്റെ ഡെപ്യൂട്ടി ഹെഡ് കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്കോയി അറിയിച്ചു. 3,825 സൈനികര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7,000 മുതല്‍ 15,000 റഷ്യന്‍ സൈനികര്‍ വരെ യുക്രൈനില്‍ കൊല്ലപ്പെട്ടതായാണ് നാറ്റോയുടെ കണക്കുകള്‍. കിഴക്കൻ യുക്രൈനില്‍ പോരാടുന്ന വിഘടനവാദികളുടെ കണക്കുകള്‍ റഷ്യ ഉൾപ്പെടുത്തിയിട്ടില്ല.

ഡോണ്‍ബാസ് ലക്ഷ്യമാക്കി റഷ്യ

അധിനിവേശം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നിര്‍ണായക സൂചനകള്‍ നല്‍കി റഷ്യ. കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളുടെ പ്രദേശമാണിത്. എന്നാല്‍ തലസ്ഥാന നഗരമായ കീവിന് പുറത്തുള്ള നഗരങ്ങള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ യുക്രൈന്‍ തുടരുകയാണ്.

യുദ്ധത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. “യുക്രൈന്‍ സേനയുടെ പോരാട്ട ശേഷി കുറയ്ക്കാനായി. ഡോണ്‍ബാസിന്റെ വിമോചനം സാധ്യമാക്കുക എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇത് സഹായകമാകുന്നു,” റഷ്യൻ ജനറൽ സ്റ്റാഫ് മെയിൻ ഓപ്പറേഷണല്‍ ഡയറക്ടറേറ്റ് മേധാവി സെർജി റുഡ്സ്കോയ് പറഞ്ഞു

ലക്ഷ്യങ്ങൾ പുനർനിർണയിക്കുന്നത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മുഖം രക്ഷിക്കുക എന്നത് എളുപ്പമാക്കുമെന്നാണ് സൈനിക വിശകലന വിദഗ്ധർ പറയുന്നത്. യുക്രൈനെ സൈനികവത്കരിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. യുക്രൈന്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള അടിസ്ഥാനരഹിതമായ കാരണമായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.

യുക്രൈനെതിരായത് പുടിന് വിജയിക്കാൻ കഴിയാത്ത യുദ്ധമെന്ന് നാറ്റോ

യുക്രൈനെതിരായ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഒരു മാസത്തെ “ക്രൂരമായ യുദ്ധം” അദ്ദേഹത്തിന് വിജയിക്കാൻ കഴിയാത്ത യുദ്ധമാണെന്ന് നാറ്റോ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മിർസിയ ജിയോന.

റഷ്യയിൽനിന്ന് രാസ അല്ലെങ്കിൽ ആണവ ആക്രമണമുണ്ടായാൽ “അനുയോജ്യമായ നടപടികൾ സ്വീകരിക്കാൻ നാറ്റോ നിർബന്ധിതരാകുമെന്ന്” അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ നാറ്റോ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പറഞ്ഞു.

“നാറ്റോ ഒരു പ്രതിരോധ സഖ്യമാണ്, മാത്രമല്ല ഇത് ഒരു ആണവ സഖ്യമാണ്,” അദ്ദേഹം പറഞ്ഞു. “അവർ ഉക്രെയ്‌നെതിരെ രാസായുധങ്ങളോ മറ്റ് തരത്തിലുള്ള ഉയർന്ന സംവിധാനങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ, ഇത് യുക്രെയ്‌നെതിരെ മിസ്റ്റർ പുടിൻ നടത്തിയ യുദ്ധത്തിന്റെ സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റും,”

“നാറ്റോ ആനുപാതികമായി പ്രതികരിക്കാൻ തയ്യാറാണെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധനത്തിന് ആഹ്വാനം ചെയ്ത് സെലെന്‍സ്കി

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ഒരിക്കല്‍കൂടി സമാധനത്തിന് ആഹ്വാനം ചെയ്തു. എന്നാല്‍ സമാധാനത്തിന് വേണ്ടി യുക്രൈന്‍ നഗരങ്ങള്‍ വിട്ടു നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈനിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത പ്രതിരോധം മൂലം റഷ്യന്‍ സൈന്യത്തിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. ഒരു പ്രധാന നഗരവും പിടിച്ചെടുക്കാന്‍ റഷ്യക്ക് കഴിഞ്ഞില്ല. എന്നാല്‍ ഷെല്ലാക്രമണങ്ങളിലൂടെ വലിയ തോതിലുള്ള നാശനഷ്ടമുണ്ടാക്കാന്‍ റഷ്യക്കായി.

റഷ്യയുടെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ യുക്രൈനില്‍ നിന്ന് 37 ലക്ഷം പേരാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഇതില്‍ ഭൂരിഭാഗവും പോളണ്ടിലേക്കാണ് പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ ഏഴ് ജനറൽമാർ കൊല്ലപ്പെട്ടതായി പാശ്ചാത്യ ഉദ്യോഗസ്ഥർ

കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചതിന് ശേഷം ഉക്രെയ്നിൽ ഏഴ് റഷ്യൻ ജനറൽമാർ കൊല്ലപ്പെട്ടതായി അറിയാമെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ പറഞ്ഞു.

തെക്കൻ മിലിട്ടറി ഡിസ്ട്രിക്റ്റിലെ റഷ്യയുടെ 49-ാമത് കംബൈൻഡ് ആംസ് ആർമിയുടെ കമാൻഡറായ ലഫ്റ്റനന്റ് ജനറൽ യാക്കോവ് റെസാൻസ്റ്റേവ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു.

ആർമി കമാൻഡർ ജനറൽ വ്ലൈസ്ലാവ് യെർഷോവിനെ ഈ ആഴ്ച ക്രെംലിൻ പുറത്താക്കിയതായും അവർ പറഞ്ഞു. റഷ്യൻ സൈന്യം അനുഭവിക്കുന്ന കനത്ത നാശനഷ്ടങ്ങളും തന്ത്രപരമായ പരാജയങ്ങളും കാരണമാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്.

ചെചെൻ സ്‌പെഷ്യൽ ഫോഴ്‌സിലെ ജനറൽ മഗോമെദ് തുഷേവും ഉക്രെയ്‌നിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

റഷ്യയുടെ നടപടിയെ ‘സ്വതന്ത്ര ലോകം’ എതിര്‍ക്കുന്നെന്ന് ബൈഡന്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെ സ്വതന്ത്ര ലോകം എതിര്‍ക്കുന്നുവെന്നും വ്ളാഡിമിര്‍ പുടിനെ തടയേണ്ടതിന്റെ ആവശ്യകതയില്‍ സമ്പദ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ടില്‍ വച്ച് നടക്കുന്ന പ്രസംഗത്തില്‍ പറയുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ജി-7, യൂറോപ്യൻ കൗൺസിൽ, നാറ്റോ എന്നിവയുടെ സഖ്യകക്ഷികളുമായുള്ള മൂന്ന് ദിവസത്തെ അടിയന്തര ചര്‍ച്ചകള്‍ക്കും പോളണ്ടിലെ യുഎസ് സൈനികരെ സന്ദർശിച്ചതിന് ശേഷം ബൈഡന്‍ പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Also Read: അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ 27 മുതല്‍ വീണ്ടും; യാത്രക്കാര്‍ക്ക് എത്രമാത്രം നേട്ടമാകും?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 26 updates

Best of Express