scorecardresearch

Russia – Ukraine War News: സൈനിക നടപടിയുടെ ആദ്യഘട്ടം പൂർണതയോട് അടുത്തതായി റഷ്യ; ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ

ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ 93 ശതമാനം പ്രദേശങ്ങളും മോചിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം

Russia – Ukraine War News: സൈനിക നടപടിയുടെ ആദ്യഘട്ടം പൂർണതയോട് അടുത്തതായി റഷ്യ; ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ

Russia – Ukraine War News: കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരുമാസം പിന്നിട്ടിരിക്കുകയാണ്. അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് റഷ്യ അവകാശപ്പെടുന്നു. റഷ്യ-യുക്രൈൻ ഏറ്റുമുട്ടൽ സംബന്ധിച്ച് ഇന്ന് അറിഞ്ഞിരിക്കേണ്ട 10 വാർത്തകൾ അറിയാം.

1- സൈനിക നടപടിയുടെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായെന്നു റഷ്യ

യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായെന്നു റഷ്യയുടെ പ്രതിരോധ മന്ത്രാലയം. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയെ പൂർണമായും മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രൈനിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായി പ്രഖ്യാപനം സൂചിപ്പിക്കുന്നു.

2- ലുഹാൻസ്കിന്റെ 93 ശതമാനം പ്രദേശങ്ങൾ സ്വന്തമാക്കിയതായി റഷ്യ

കിഴക്കൻ ഉക്രെയ്നിലെ റഷ്യൻ പിന്തുണയുള്ള രണ്ട് “സ്വതന്ത്ര” പ്രദേശങ്ങളിലൊന്നായ ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ 93 ശതമാനം പ്രദേശങ്ങളും മോചിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

3- റഷ്യൻ ആക്രമണത്തിൽ 400 പേർ മരിച്ചതായി യുക്രൈൻ

കഴിഞ്ഞയാഴ്ച യുക്രൈനിയൻ നഗരമായ മരിയോപോളിലെ ഒരു തിയേറ്ററിൽ ബോംബ് സ്‌ഫോടനത്തിൽ 300 ഓളം പേർ മരിച്ചെന്ന് കരുതുന്നതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. “റഷ്യൻ വിമാനത്തിന്റെ ആക്രമണത്തെത്തുടർന്ന് മരിയുപോളിലെ നാടക ശാലയിൽ 300 ഓളം പേർ മരിച്ചതായി ദൃക്സാക്ഷികളിൽ നിന്ന് വിവരം ലഭിക്കുന്നു,” മരിയുപോൾ സിറ്റി ഹാൾ ടെലിഗ്രാമിൽ എഴുതി.

4- റഷ്യയുടെ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കുന്നുവെന്ന് ബൈഡൻ

യു‌എസും ഇയുവും യുക്രെയിനിനെതിരായ റഷ്യയുടെ ന്യായരഹിതവും പ്രകോപനപരവുമായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. ‘റഷ്യൻ ഊർജത്തിലുള്ള യൂറോപ്പിന്റെ ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള പുതിയ നടപടികൾ ഞങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചു,’ അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

5- റഷ്യയിലെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് സിനോപെക് ഗ്രൂപ്പ്

ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിനോപെക് ഗ്രൂപ്പ് റഷ്യയിലെ ഒരു പ്രധാന പെട്രോകെമിക്കൽ നിക്ഷേപ പദ്ധതിയുമായും ഗ്യാസ് വിപണന സംരംഭവുമായും ബന്ധപ്പെട്ട ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്.

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ സിനോപെക് ഒരു ഗ്യാസ് കെമിക്കൽ പ്ലാന്റിൽ അര ബില്യൺ ഡോളർ നിക്ഷേപം നടത്താനും ചൈനയിൽ റഷ്യൻ വാതകം വിപണനം ചെയ്യാനും ഉള്ള സംരംഭങ്ങൾക്കായി നീക്കം നടത്തിയിരുന്നു. ഇതിൽ നിന്നാണ് കമ്പനി ഇപ്പോൾ പിന്നോട്ട് പോകുന്നത്.

6- യുക്രൈന് ഐക്യദാർഢ്യം: ബൾഗേറിയയിൽ ആയിരങ്ങൾ തെരുവിലിറങ്ങി

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചും യുക്രൈനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ആയിരക്കണക്കിന് ആളുകൾ വ്യാഴാഴ്ച ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ തെരുവിലിറങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റാലി സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ പ്രതിഷേധിക്കാൻ ലോകമെമ്പാടുമുള്ള ആളുകളോട് യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാലി.

ഉക്രെയ്നിൽ നിന്നുള്ള 60,000 അഭയാർത്ഥികളിൽ ചിലർ പ്രകടനത്തിൽ ചേർന്നു. ഉക്രേനിയൻ, യൂറോപ്യൻ പതാകകൾ വീശിയും “യുദ്ധം നിർത്തുക”, “ജനാധിപത്യ ഉക്രെയ്നിന് സ്വാതന്ത്ര്യം” എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധത്തിൽ ആളുകൾ പങ്കാളികളായി.

7- റഷ്യൻ സൈനിക കപ്പൽ തകർത്തു

റഷ്യൻ അധീനതയിലുള്ള ബെർഡിയാൻസ്ക് തുറമുഖത്ത് വച്ച് തങ്ങളുടെ സൈന്യം റഷ്യൻ കപ്പൽ ‘ഓർസ്ക്’ തകർത്തതായി യുക്രൈൻ. ബെർഡിയാൻസ്കിൽ നിന്നുള്ളതാണെന്ന് റോയിട്ടേഴ്സ് സ്ഥിരീകരിച്ച ഒരു വിഡിയോയിൽ, സ്‌ഫോടനത്തിൽ കപ്പൽ തകരുന്നതും കപ്പലിൽ നിന്ന് പുകഉയരുന്നതിന്റെയും ദൃശ്യങ്ങൾ കാണാം.

8- മരുന്ന് ക്ഷാമത്തിന് കാരണം കൃത്രിമമായി ആവശ്യം ഉയർത്തുന്നതെന്ന് റഷ്യ

“കൃത്രിമമായി” ആവശ്യം ഉയർത്തുന്നതാണ് രാജ്യത്തെ മരുന്ന് ക്ഷാമത്തിന് കാരണമെന്ന് റഷ്യൻ ഹെൽത്ത്‌കെയർ റെഗുലേറ്റർ റോസ്‌ഡ്രാവ്‌നാഡ്‌സോർ വെള്ളിയാഴ്ച പറഞ്ഞു. മരുന്ന് വിതരണക്കാർക്ക് നിലവിൽ സ്റ്റോക്കുകൾ കൃത്യസമയത്ത് നിറയ്ക്കാൻ കഴിയുന്നില്ലെന്നും ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഉക്രെയ്‌നിലെ സംഘർഷം ആരംഭിച്ചതു മുതൽ ൽ ആന്റീഡിപ്രസന്റുകൾ, ഉറക്ക ഗുളികകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ അടക്കമുള്ളവ റഷ്യക്കാർ സംഭരിക്കാൻ ആരംഭിച്ചിരുന്നു. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ആളുകൾ ഒരു മാസത്തെ മരുന്ന് വാങ്ങുന്നതായി വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

9- രാസായുധങ്ങളെക്കുറിച്ചുള്ള യുഎസ് വാദം ശ്രദ്ധ തിരിക്കലെന്ന് റഷ്യ

റഷ്യ യുക്രൈയ്നിൽ രാസായുധങ്ങൾ പ്രയോഗിക്കുമെന്ന യുഎസ് വാദം വാഷിംഗ്ടണിന്റെ വിചിത്രമായ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് റഷ്യൻ ഭരണകൂടം.

നാറ്റോയുടെ കിഴക്കൻ വശം ശക്തിപ്പെടുത്തുന്നതിന് മറുപടിയായി റഷ്യ എങ്ങനെ പ്രതിരോധം ശക്തിപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സൈന്യം പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് സമർപ്പിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരുമായുള്ള കോൺഫറൻസ് കോളിൽ പറഞ്ഞു.

ഉക്രേനിയൻ പട്ടണങ്ങളും മരിയുപോൾ പോലുള്ള നഗരങ്ങളും റഷ്യ പുനർനിർമ്മിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക നിലപാട് ഇല്ലെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.

10- ജനങ്ങളെ നിർബന്ധിതമായി റഷ്യയിലേക്ക് കൊണ്ടുപോയെന്ന് യുക്രൈൻ

അതിനിടെ, യുദ്ധത്തിൽ തകർന്ന യുക്രൈൻ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങളെ മോസ്കോ നിർബന്ധിതമായി റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രൈൻ ആരോപിച്ചു. റഷ്യയിലേക്ക് യുക്രൈനികൾ സ്വയം മാറിയതാണെന്നെണ് മോസ്കോയുടെ നിലപാട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പാശ്ചാത്യ സഖ്യകക്ഷികളും യുക്രൈനെതിരായ വ്‌ളാഡിമിർ പുടിന്റെ ആക്രമണത്തിന് മറുപടിയായി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും യുക്രൈന് മാനുഷിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അഭ്യർത്ഥിച്ച കൂടുതൽ സൈനിക സഹായങ്ങൾ അനുസരിച്ചു നോക്കുമ്പോൾ ഈ വാഗ്ദാനങ്ങൾ കുറവാണ്.

Also Read: Russia – Ukraine War News: റഷ്യക്കെതിരെ ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സെലെന്‍സ്കി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 25 updates